തെറ്റു ചെയ്യുന്ന പൊലീസുകാർക്കെതിരെ കർശന നടപടിയെന്നു കോടിയേരി

കണ്ണൂർ∙ തെറ്റു ചെയ്യുന്ന പൊലീസുകാർക്കെതിരെ കർശന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

വാരാപ്പുഴ കസ്റ്റഡി മരണത്തിൽ ഇരയ്ക്കൊപ്പമാണ് സർക്കാർ. വേട്ടക്കാർക്കൊപ്പമല്ല. കസ്റ്റഡി മരണത്തിൽ ഉൾപ്പെട്ട പൊലീസുകാരെ ജയിലിലടയ്ക്കുന്ന സമീപനമാണു സർക്കാർ സ്വീകരിച്ചത്. എസ്പിക്കെതിരെയും നടപടിയെടുത്തു.

മുൻകാലങ്ങളിൽ യുഡിഎഫ് സർക്കാരൊന്നും സ്വീകരിക്കാത്ത സമീപനമാണ് ഇക്കാര്യങ്ങളിൽ എൽഡിഎഫ് സർക്കാർ കൈക്കൊള്ളുന്നത്. കണ്ണൂരിൽ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.