Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഎസ്എസ് പ്രചാരക് മാതൃകയിൽ സിപിഎമ്മിനു വൊളന്റിയർ സംഘം

cpm-logo

കണ്ണൂർ∙ ആർഎസ്എസ് പ്രചാരക് മാതൃകയിൽ ജില്ലയ്ക്കു പുറത്തുനിന്നു മുഴുവൻ സമയ വൊളന്റിയർമാരെ നിയോഗിക്കാൻ സിപിഎം. ഒരു വർഷത്തേക്ക് വീടും നാടും വിട്ടുനിന്നു പ്രവർത്തിക്കാൻ തയാറുള്ളവരെ കണ്ടെത്താൻ ജില്ലാ കമ്മിറ്റികൾക്കു നിർദേശം നൽകി. ഏരിയ അടിസ്ഥാനത്തിൽ നിയമിക്കുന്ന പ്രവർത്തകർക്കുള്ള വേതനം സംസ്ഥാന കമ്മിറ്റി നൽകും.

2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരു വർഷത്തേക്കാണു വൊളന്റിയർമാരെ നിയോഗിക്കുക. വിദ്യാർഥി–യുവജന സംഘടനാരംഗത്തു പ്രവർത്തിക്കുന്നവരെ ഇതിനായി റിക്രൂട്ട് ചെയ്യാനാണു നിർദേശം. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെടുന്നവരെ പാർട്ടി നിർദേശിക്കുന്ന പ്രദേശങ്ങളിലേക്കു നിയോഗിക്കും.

അതേസമയം, പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളുടെ പ്രവർത്തനങ്ങളിൽ സഹായിക്കുകയല്ല ഇവരുടെ ചുമതലയെന്നു നേതൃത്വം വ്യക്തമാക്കുന്നു. സംസ്ഥാന നേതൃത്വത്തിന്റെ പ്രചാരണപരിപാടികൾ ജനങ്ങളിലെത്തിക്കാൻ സ്വന്തം നിലയ്ക്കുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണു നിർദേശം. പാർട്ടിയുടെയും മുന്നണിയുടെയും നിലപാടുകളുമായി ബന്ധപ്പെട്ട ആളുകളുടെ അഭിപ്രായം സമാഹരിച്ച് എല്ലാ ആഴ്ചയും ഏരിയ കമ്മിറ്റിക്ക് റിപ്പോർട്ടു സമർപ്പിക്കണം.

താഴെത്തട്ടിൽ പാർട്ടിപ്രവർത്തകർ തമ്മിൽ പ്രശ്നങ്ങളുണ്ടെങ്കിൽ ഇക്കാര്യം നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തണമെന്നും നിർദേശമുണ്ട്. മറ്റു പാർട്ടികളിൽ നിന്നു ആളുകളെ സിപിഎമ്മിലേക്ക് ആകർഷിക്കാനുള്ള നീക്കങ്ങളും നടത്തണം. പുറത്തുനിന്നുള്ള പ്രവർത്തകരുടെ സാന്നിധ്യം ബുദ്ധിമുട്ടായി കാണരുതെന്നും അവർക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും പ്രാദേശിക ഘടകങ്ങൾക്കു നിർദേശം നൽകാനും ജില്ലാ കമ്മിറ്റികളോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ എല്ലാ ലോക്കൽ കമ്മിറ്റികളിലും അതതു മേഖലകളിൽ നിന്നുള്ള മുഴുവൻസമയ പ്രവർത്തകരുണ്ട്. ഇവരുടെ വേതനം 7500 രൂപയാക്കി വർധിപ്പിക്കാൻ സംസ്ഥാന സമിതി തീരുമാനമെടുത്തിട്ടുണ്ട്. ഇതിനു പുറമെയാണ് അതതു ജില്ലകൾക്കു പുറത്തുനിന്നുള്ള പ്രവർത്തകരെ ഒരു വർഷത്തേക്ക് മുഴുവൻ സമയ വൊളന്റിയർമാരായി നിയമിക്കുന്നത്.