Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ 28 വരെ അതിതീവ്ര മഴ

heavy-rain

തിരുവനന്തപുരം∙ സംസ്ഥാനത്ത് 28 വരെ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴക്കാലത്തുപോലും അപൂർവമായി മാത്രം നൽകാറുള്ള പ്രത്യേക മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ 14 ജില്ലകളിലും സുരക്ഷാ മുൻകരുതൽ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകി. 

താലൂക്കുകളിൽ 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലേക്കു രാത്രികാല യാത്രയ്ക്കു നിയന്ത്രണം ഏർപ്പെടുത്തി.

 മൽസ്യത്തൊഴിലാളികൾ 30 വരെ കടലിൽ പോകരുതെന്നാണു നിർദേശം. തീരത്തു മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്.

പൊലീസ് സ്റ്റേഷനുകളിലേക്കും അഗ്നിശമനസേനാ വിഭാഗങ്ങൾക്കും ജാഗ്രതാനിർദേശം നൽകി. 29 വരെ താലൂക്ക് കൺട്രോൾ റൂമുകൾ പ്രവർത്തിപ്പിക്കും. ഉയർന്ന തിരമാലകൾക്കു സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങരുത്. മരങ്ങൾക്കു കീഴെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണം. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാംപുകൾ ഉടൻ തുറക്കാൻ സൗകര്യമൊരുക്കണമെന്നും കലക്ടർമാർക്കു നിർദേശം നൽകി. 

അപൂർവം, തീവ്ര മഴ 

പ്രതിദിനം 200 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യുമ്പോഴാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്. ചിലയിടങ്ങളിൽ 210 മി.മീ വരെ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ 10 വർഷത്തിനിടെ രണ്ടോ മൂന്നോ തവണ മാത്രമേ അതിതീവ്ര മഴയുടെ മുന്നറിയിപ്പു നൽകിയിട്ടുള്ളൂ. കാലവർഷം എത്തുന്നതിനു മുൻപ് ഇത്തരം മുന്നറിയിപ്പ് ആദ്യമായിട്ടാണ്. 

കാലവർഷം അരികെ 

തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ ദ്വീപ് സമൂഹം കടന്നു കേരളത്തോട് അടുക്കുന്നു. നിലവിലെ സാഹചര്യത്തിൽ 28നു തന്നെ കാലവർഷം കേരളത്തിലെത്താനാണു സാധ്യത. 29നു കാലവർഷം തുടങ്ങുമെന്നായിരുന്നു പ്രവചനം. ഇപ്പോഴത്തെ മഴ ശക്തമായി തുടർന്നാൽ കാലവർഷം നേരത്തേ തുടങ്ങിയതായി പ്രഖ്യാപിക്കും.