Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊടുപുഴയിൽ നഴ്സുമാർ ഉൾപ്പെടെ 12 ജീവനക്കാർക്ക് ടൈഫോയ്ഡ് രോഗലക്ഷണം

തൊടുപുഴ∙ ജില്ലാ ആശുപത്രിയിലെ നഴ്സുമാർ ഉൾപ്പെടെ 12 ജീവനക്കാർ ടൈഫോയ്ഡ് രോഗലക്ഷണത്തോടെ ചികിത്സയിൽ. ഇവരുടെ രക്ത സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. ആശുപത്രിയിലേക്കു വെള്ളം പമ്പു ചെയ്യുന്ന മെയിൻ റോഡിലെ കിണറ്റിലെ വെള്ളത്തിൽ നിന്നാണു രോഗം പടർന്നതെന്നാണു സംശയം.

ജീവനക്കാർക്ക് കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പ്രാഥമിക രക്ത പരിശോധനയിലാണ് ടൈഫോയ്ഡാണെന്നു സംശയം ഉണ്ടായത്. രണ്ടുപേർ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർ വീടുകളിൽ വിശ്രമത്തിലാണ്. അറ്റൻഡർമാരും ഫാർമസി ജീവനക്കാരും ഉൾപ്പെടെയുള്ളവർക്കാണ് രോഗലക്ഷണം കണ്ടെത്തിയത്.

വെള്ളം പമ്പു ചെയ്യുന്ന റോഡരികിലെ കിണർ കഴിഞ്ഞ ദിവസം ശുചീകരിച്ചു. മഴക്കാലത്ത് വെള്ളം ഉയരുമ്പോൾ ഇതിലേക്ക് മഴവെള്ളം കലരുന്നുണ്ട്. ഇവിടെനിന്നുള്ള വെള്ളം ഉപയോഗിച്ചതാണ് രോഗത്തിനിടയാക്കിയതെന്നു സംശയിക്കുന്നു. പരിശോധനാഫലം നാളെ ലഭിക്കുമെന്നും ഇതിനു ശേഷമേ രോഗം സ്ഥിരീകരിക്കാനാവൂ എന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിലെ ആവശ്യത്തിനും ഇതേ കിണറിൽനിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്.