Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാലിന്യം തള്ളിയാൽ പൊലീസ് ഇടപെടും

waste

തിരുവനന്തപുരം ∙ പൊതുസ്ഥലത്തു സ്ഥിരമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. സ്ഥിരമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് ആദ്യം മുന്നറിയിപ്പു നൽകും. അതിനുശേഷവും ഇതു തുടരുന്നവർക്കെതിരെ  ഐപിസി സെക്‌ഷൻ 269, 278, കേരള പൊലീസ് ആക്ട്, 1994 ലെ കേരള മുൻസിപ്പാലിറ്റി ആക്ട്, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരം നിയമ നടപടി സ്വീകരിക്കാൻ ഡിജിപി  നിർദേശിച്ചു. 

സംസ്ഥാന സർക്കാരും  വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളും  സംഘടിപ്പിക്കുന്ന മഴക്കാല പൂർവ ശുചീകരണ പരിപാടികൾക്കാവശ്യമായ പിന്തുണയും സഹായവും നൽകാൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും യൂണിറ്റ് മേധാവിമാർക്കും നിർദേശം നൽകി. പ്രാദേശിക തലങ്ങളിൽ അമിതമായ ഖര, ജല, വായു മലിനീകരണമുണ്ടാക്കുന്ന പ്രദേശങ്ങൾ കണ്ടെത്തുന്നതിനും ജനമൈത്രീ സമിതികളുടെ സഹായത്തോടെ  ബോധവൽകരണം നടത്തുന്നതിനും നിർദേശിച്ചു. 

മഴക്കാലത്തു പകർച്ചവ്യാധികൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്കും പൊലീസ് സഹകരണം നൽകും. പൊലീസ് ഓഫിസുകളും പരിസരങ്ങളും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരികയാണ്.. ഇക്കാര്യത്തിൽ  ജില്ലാ പോലീസ് മേധാവിമാരും റേഞ്ച് ഐജിമാരും മേഖല എഡിജിപിമാരും മേൽനോട്ടം വഹിക്കണമെന്നും  റിപ്പോർട്ട് 15ന് അകം നൽകണമെന്നും ബെഹ്റ നിർദേശിച്ചു.