Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തതാണെന്നു ശരിവച്ചു മുഖ്യമന്ത്രി

Varappuzha custodial death victim Sreejith

തിരുവനന്തപുരം∙ വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ ആളുമാറി പിടികൂടിയതാണെന്ന സൂചന ശരിവച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റഡിയിലെടുത്ത ഈ ശ്രീജിത്ത് വരാപ്പുഴയിലെ വാസുദേവന്റെ വീടാക്രമണക്കേസിൽ ഉൾപ്പെട്ടതായി ഇതുവരെയുള്ള അന്വേഷണത്തിൽ വെളിവായിട്ടില്ലെന്നു മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ ആരെങ്കിലും എറണാകുളം റൂറൽ ടൈഗർ ഫോഴ്സിനു നിർദേശം നൽകിയതായും വെളിവായിട്ടില്ല.

മുൻ റൂറൽ എസ്പിയുടെയും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെയും നിർദേശപ്രകാരമാണു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന ആരോപണം നിലനിൽക്കെയാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. നിലവിൽ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണം കാര്യക്ഷമമാണെന്നും ഫലപ്രദമായി നടക്കുന്ന ഈ കേസ് സിബിഐക്കു വിടുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീജിത്ത് എന്നു വിളിപ്പേരുള്ള തുളസീദാസിനെ കസ്റ്റഡിയിൽ എടുക്കാൻ എത്തിയപ്പോഴാണ് ആളുമാറി ശ്രീജിത്തിനെ പിടികൂടിയതെന്നു കഴിഞ്ഞ മാസം കീഴടങ്ങിയവർ തന്നെ പറഞ്ഞതോടെ പൊലീസ് കുരുക്കിലായിരുന്നു. വീടുകയറി ആക്രമിച്ചതിനെത്തുടർന്നു ദേവസ്വംപാടം സ്വദേശി വാസുദേവൻ ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് ആർടിഎഫ് (റൂറൽ ടൈഗർ ഫോഴ്സ്) അംഗങ്ങൾ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. നാട്ടിൽ തന്നെയുള്ള മറ്റൊരു ശ്രീജിത്താണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് ആദ്യമായി വെളിപ്പെടുത്തിയതു വാസുദേവന്റെ മകനായ വിനീഷായിരുന്നു.