Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുൽ നായരെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതി അംഗീകരച്ചു

Rahul-r-nair

തിരുവനന്തപുരം∙ ക്വാറി ഉടമകളിൽനിന്നു 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ പത്തനംതിട്ട മുൻ എസ്പി: രാഹുൽ നായരെ കുറ്റവിമുക്തനാക്കി വിജിലൻസ് നൽകിയ റിപ്പോർട്ട് കോടതി അംഗീകരച്ചു. രാഹുൽ നായർ കൈക്കൂലി ആവശ്യപ്പെട്ടതായോ ക്വാറി ഉടമ പണം നൽകിയതായോ അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ലെന്നും വ്യക്തി വൈരാഗ്യം തീർക്കുകയാണു ക്വാറി ഉടമ ചെയ്‌തതെന്നും വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ക്വാറി ഉടമയുടെ കയ്യിൽനിന്നു കൈക്കൂലി ആവശ്യപ്പെട്ടിരുന്നെങ്കിൽ അതിനെക്കുറിച്ചുള്ള പരാതി ആദ്യം ക്വാറി അസോസിയേഷൻ സെക്രട്ടറിക്കു നൽകുമായിരുന്നു. എന്നാൽ, ഇത്തരത്തിൽ ഒരു പരാതിയും നൽകിയിട്ടില്ല. ഇതിൽനിന്നും, തികച്ചും അടിസ്ഥാനരഹിതമായ ആരോപണം മാത്രമാണു കൈക്കൂലിക്കേസ് എന്നാണു വിജിലൻസ് കണ്ടെത്തൽ. 2014 മേയ് ഒന്നിനു പൂട്ടിയ ക്വാറി മേയ് നാലിനു 17 ലക്ഷം രൂപ കൈക്കൂലി വാങ്ങി തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി എന്നായിരുന്നു വിജിലൻസ് കേസ്.

കേസിൽ 20 സാക്ഷികളുടെ മൊഴി എടുത്തിരുന്നു. എസ്പിയും ക്വാറി ഉടമയും അയാളുടെ സഹോദരനും തമ്മിലുള്ള മൊബൈൽ ഫോൺ വിളിയുടെ വിശദാംശങ്ങൾ കേസിൽ പ്രധാന തെളിവ് ആയിരുന്നു. എന്നാൽ ഇവയൊന്നും കേസ് തെളിയിക്കാൻ ഫലപ്പെട്ടില്ലെന്നാണു വിജിലൻസിന്റെ കണ്ടെത്തൽ. ഈ റിപ്പോർട്ടാണ് ഇപ്പോൾ കോടതി അംഗീകരിച്ചത്.

ഡിജിപി: ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല വഹിച്ചിരുന്ന കാലയളവിലാണ് ഈ അന്വേഷണം വിജിലൻസ് അവസാനിപ്പിച്ചത്. 2014ൽ കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് എസ്പി: ആർ.സുകേശൻ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇപ്പോൾ എറണാകുളം റൂറൽ എസിപിയാണു രാഹുൽ.