Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റക്കെട്ടാകാൻ ഒരു വിട്ടുവീഴ്ച

udf-leaders

ന്യൂഡൽഹി∙ കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും വേറെ മാർഗമില്ല. ഒരു വർഷത്തിനുള്ളിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുമ്പോൾ ഒരു രാജ്യസഭാ സീറ്റിനു വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നതാണ് നല്ലതെന്ന് കോൺഗ്രസ് സംസ്ഥാന നേതാക്കൾ പറഞ്ഞാൽ അത് സ്വീകരിക്കുക. അതാണ് രാഹുൽ ഗാന്ധി ചെയ്തത്.

ദേശീയ രാഷ്ട്രീയത്തിനു തന്നെ മാതൃകയായ മുന്നണി സംവിധാനമാണു കേരളത്തിലെ യുഡിഎഫ്. കെ. കരുണാകരൻ പടുത്തുയർത്തുകയും പല പ്രതിസന്ധികളിലൂടെ കടന്നുപോവുകയും ചെയ്ത മുന്നണി അടുത്ത കാലത്ത് ക്ഷീണാവസ്ഥയിലാണ്. ചെങ്ങന്നൂരിൽ പ്രതിഫലിച്ചത് ആ ക്ഷീണമാണ്. മുന്നണിയെ പഴയ നിലയിലേക്കു തിരിച്ചെത്തിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് കോൺഗ്രസിനു മുന്നിലുള്ളത്.

കോൺഗ്രസും മുസ്‌ലിം ലീഗും മാത്രം എന്ന നിലയിലാണ് ഇപ്പോൾ യുഡിഎഫ്. ഇതു നല്ലതല്ലെന്നും കേരള കോൺഗ്രസിനെക്കൂടി കൊണ്ടുവരണമെന്നും ഏറെക്കാലമായി ഹൈക്കമാൻഡും നിർദേശിക്കുന്നുണ്ടായിരുന്നു. അതിനുള്ള കളമൊരുക്കാനും മധ്യസ്ഥതയ്ക്കുമാണ് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയത്.

മുൻപ് 1994ൽ സമാന സാഹചര്യത്തിൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ രാജ്യസഭാ സീറ്റ് നൽകിയത് മുസ്‌ലിം ലീഗിനായിരുന്നു. അങ്ങനെയാണ് അബ്ദുസ്സമദ് സമദാനി രാജ്യസഭാംഗമാകുന്നത്. അന്നും ഇതുപോലെ കോൺഗ്രസിനുള്ളിൽ വിമർശനം ഉയർന്നതാണ്. ഇന്ന് അതേ മുസ്‌ലിം ലീഗാണ് മധ്യസ്ഥന്റെ റോളിൽ.

കേരളത്തിൽ കോൺഗ്രസ് ദുർബലമായപ്പോഴൊക്കെ ഘടക കക്ഷികൾ ശക്തരായ ചരിത്രവുമുണ്ട്. അങ്ങനെയാണ് ഐഎസ്ആർഒ ചാരക്കേസിന്റെ പേരിൽ കെ. കരുണാകരനെതിരെ ഘടക കക്ഷികൾ നീങ്ങിയത്. അന്നും പ്രധാന പങ്കു വഹിച്ചത് ലീഗായിരുന്നു. രണ്ടു മാസമായി നടന്നുവന്ന ചർച്ചകളുടെ പരിസമാപ്തിയാണ് ഇന്നലെ ഡൽഹിയിൽ കണ്ടത്. ദേശീയ തലത്തിൽ ഉമ്മൻ ചാണ്ടിയുടെ ആദ്യത്തെ നിർണായക നീക്കവുമാണിത്.

കെപിസിസി പുനഃസംഘടന, യുഡിഎഫ് കൺവീനർ തുടങ്ങി സുപ്രധാനമായ തീരുമാനങ്ങൾ ഇനിയും ബാക്കിയാണ്. രാഹുൽ ഗാന്ധിയുടെ അടുത്ത ശ്രദ്ധ അതിലേക്കായിരിക്കും.