Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഠ്‌വ കേസ്: സഹായവുമായി യൂത്ത് ലീഗ്

പഠാൻകോട്ട്∙ കഠ്‌വയിൽ ക്രൂരപീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തിനായി അഭിഭാഷകരെ ചുമതലപ്പെടുത്തി മുസ്‌ലിം യൂത്ത് ലീഗ്. വാദി ഭാഗത്തിനായി പ്രോസിക്യൂഷൻ അഭിഭാഷകർക്കൊപ്പം പഞ്ചാബിലെ മുതിർന്ന അഭിഭാഷകനായ കെ.കെ.പുരിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘത്തിന്റെ സേവനമാണു യൂത്ത് ലീഗ് ലഭ്യമാക്കുന്നത്. ഇവരുടെ ഫീസടക്കം കേസ് നടത്തിപ്പിന് ആവശ്യമായ തുക, യൂത്ത് ലീഗ് സമാഹരിച്ച കഠ്‌വ–ഉന്നാവോ ഫണ്ടിൽ നിന്നു ലഭ്യമാക്കും. അന്വേഷണ ഘട്ടത്തിലെന്നതു പോലെ വിചാരണയ്ക്കിടയിലും പ്രതികൾക്കായി സംഘ് പരിവാർ ഇടപെടുന്നതായി യൂത്ത് ലീഗ് ആരോപിച്ചു. ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈർ, വൈസ് പ്രസിഡന്റ് വി.കെ.ഫൈസൽ ബാബു, ദേശീയസമിതിയംഗം ഷിബു മീരാൻ എന്നിവർ പഠാൻകോട്ടിലെത്തി അഭിഭാഷകരുമായി ചർച്ച നടത്തി. അതേസമയം, കേസിൽ പ്രോസിക്യൂഷൻ വാദം തുടങ്ങി. ജസ്റ്റിസ് തേജ്‌വീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള അതിവേഗ ബെഞ്ചാണു വാദം കേൾക്കുന്നത്. അഞ്ഞൂറോളം പേജ് വരുന്ന കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ നൽകിയിരിക്കുന്നത്.