മുല്ലപ്പള്ളിക്കെതിരെ ഇന്ദിരാഭവനു മുന്നിൽ പോസ്റ്ററുകൾ

തിരുവനന്തപുരം∙ മുല്ലപ്പള്ളി രാമചന്ദ്രൻ െകപിസിസി പ്രസിഡന്റാകുന്നതിനെതിരെ ഇന്ദിരാഭവനു മുന്നിൽ പോസ്റ്ററുകൾ. മുല്ലപ്പള്ളി പ്രസിഡന്റാകുന്നതു മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതുപോലെയെന്നാണു പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. കോൺ‍ഗ്രസിലെ നിപ്പ വൈറസുകളെ തൂത്തെറിയൂ എന്ന മറ്റൊരു പോസ്റ്ററും സേവ് കോൺ‍ഗ്രസ് എന്ന പേരിൽ പതിച്ചിരുന്നു.

എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയെ സ്വാഗതം ചെയ്ത ഫ്ലെക്സ് ബോർഡിനു മേലെയാണു പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്. ഹസൻ പ്രസിഡന്റായതോടെ പാർട്ടി ഐസിയുവിലായി. മുല്ലപ്പള്ളിയെ പ്രസിഡന്റാക്കിയാൽ വെന്റിലേറ്ററിലുമാകും– മറ്റൊരു പോസ്റ്ററിലെ പരിഹാസം ഇങ്ങനെയാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ പരാജയം ചർച്ച ചെയ്യാൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേരാനിരിക്കെയായിരുന്നു ഈ പോസ്റ്റർ കാഴ്ചകൾ.