Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാണിയെ വിശ്വസിക്കാൻ കൊള്ളില്ല: വി.എം. സുധീരൻ

V.M. Sudheeran

തൃക്കരിപ്പൂർ∙ കെ.എം.മാണിയെ വിശ്വസിക്കാൻ കൊള്ളില്ലെന്നു വി.എം.സുധീരൻ. മാണി ബിജെപിയുമായി സഖ്യത്തിലേർപ്പെടില്ലെന്നു വിശ്വസിക്കാൻ പ്രയാസമാണെന്നും യുഡിഎഫിൽ എത്തിയ ശേഷവും സമദൂര നിലപാട് ആവർത്തിക്കുന്നവരെ എങ്ങനെ വിശ്വസിക്കുമെന്നും സുധീരൻ ചോദിച്ചു. ബിജെപിയുമായി ചേരില്ലെന്നു പരസ്യമായി പ്രഖ്യാപിക്കാൻ മാണി തയാറാകണം. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽപോലും ത്രിമാന നിലപാടായിരുന്നു മാണിക്ക്. ഒരേസമയം ബിജെപിയുമായും സിപിഎമ്മുമായും യുഡിഎഫുമായും ചർച്ച നടത്തി. കോട്ടയത്തു വീണ്ടും മൽസരിച്ചാൽ ജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണു ജോസ്.കെ. മാണി രാജ്യസഭയിലേക്കു പോകുന്നതെന്നും സുധീരൻ പറഞ്ഞു. 

K.M. Mani

‘നേരേ ചൊവ്വേ’ കാണണം: കെ.എം മാണി 

കോട്ടയം∙ കാര്യമറിയാതെയുള്ള വിമർശനമാണു സുധീരൻ നടത്തുന്നതെന്നു കെ.എം. മാണി. മനോരമ ന്യൂസ് ചാനലിലെ ‘നേരേ ചൊവ്വേ’ അഭിമുഖ പരിപാടിയിൽ മുൻപു സമദൂരനിലപാടാണു കേരള കോൺഗ്രസ് സ്വീകരിച്ചിരുന്നത് എന്നാണു താൻ പറഞ്ഞത്. സമചിത്തതയോടെ സുധീരൻ ആ അഭിമുഖം വീണ്ടും കാണണം. വികാരാധീനനായി ഇത്തരം അപക്വമായ പ്രസ്താവനകൾ നടത്തുന്നതിനു മുൻപു സുധീരൻ കാര്യങ്ങൾ വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടതായിരുന്നു. 43 വർഷം വിജയങ്ങളിലും പ്രതിസന്ധികളിലും ഒരുപോലെ യുഡിഎഫിനൊപ്പം നിലകൊണ്ട തന്റെമേൽ ചാഞ്ചാട്ട രാഷ്ട്രീയം ആരോപിച്ച നടപടി വിലകുറഞ്ഞതാണ്. 

K Muralidharan

ജോസ് കെ.മാണിയുടെ രാജി അപകടമാകും: കെ. മുരളീധരൻ 

തിരുവനന്തപുരം∙ രാജ്യസഭാംഗമാകാൻ ജോസ് കെ.മാണി ലോക്സഭാംഗത്വം രാജിവയ്ക്കുന്നതു മുന്നണിക്ക് അപകടമാണെന്നു കെ.മുരളീധരൻ. ഒരു വർഷത്തിനകം ലോക്സഭാ അംഗത്വം രാജിവച്ചാൽ തിരഞ്ഞെടുപ്പു നടത്തിക്കൂടെന്നില്ല. തിരഞ്ഞെടുപ്പു കമ്മിഷൻ വിചാരിച്ചാൽ കോട്ടയത്തു തിരഞ്ഞെടുപ്പു നടത്താം. അത് അപകടമാണ് – മുരളീധരൻ പറഞ്ഞു. മാണിക്കു സീറ്റ് നൽകിയതിന് ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്ന് ഉമ്മൻ ചാണ്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ചു മുരളീധരൻ പ്രതികരിച്ചു. ഡ‍ൽഹിയിൽ പോയ മൂന്നു നേതാക്കൾക്കും ഉത്തരവാദിത്തമുണ്ട്. പ്രവർത്തകരുടെ വികാരത്തെ അച്ചടക്കവുമായി കൂട്ടിക്കെട്ടേണ്ടെന്നും മുരളീധരൻ പറഞ്ഞു.