വിഎസിന്റെ ഠോ..ഠോ... ! പല മണ്ടയ്ക്കും കിട്ടി ഒരടി

‘‘കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയി, അയ്യയ്യോ കാക്കച്ചി കൊത്തിപ്പോയി’’– കയ്യും കലാശവുമായി വി.എസ്.അച്യുതാനന്ദൻ നീട്ടിപ്പാടിയപ്പോഴാണു വെളുത്ത ജൂബയ്ക്കുള്ളിൽ അനുഗൃഹീതനായ ഗായകൻ ഒളിഞ്ഞിരിക്കുന്നുണ്ടെന്നു മാലോകരറിഞ്ഞത്. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ കോൺഗ്രസിലെ യുവസിങ്കങ്ങളെ ഉദ്ദേശിച്ചായിരുന്നു പാട്ട്.

അദ്ദേഹം അതുകൊണ്ടു നിർത്തിയില്ല. ‘‘ചെങ്ങന്നൂരിലെ ബാലറ്റ് പെട്ടി പൊട്ടിച്ചപ്പോൾ ഠോ എന്നൊരു ശബ്ദം കേട്ടു,‌ കോൺഗ്രസ് സ്ഥാനാർഥി എട്ടുനിലയിൽ പൊട്ടിയതിന്റെ ശബ്ദമായിരുന്നു അത്. കുറച്ചു കഴിഞ്ഞപ്പോൾ ഠോ, ഠോ എന്നു രണ്ടു ശബ്ദം കേട്ടു. ബിജെപി പൊട്ടിത്തകർന്നതിന്റെ ശബ്ദമായിരുന്നു അത്.’’ ഇല്ല, വിഎസ് അവസാനിപ്പിച്ചില്ല. ചെങ്ങന്നൂരിൽ എൽഡിഎഫിനെ തോൽപിക്കാൻ പാലായിൽ നിന്നൊരു മാന്യദേഹം ഓടിപ്പാഞ്ഞു വന്നല്ലോ? ആരു ജയിക്കുമെന്നു തന്റെ പാർട്ടി തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എമണ്ടൻ പാർട്ടിയല്ലേ? എമണ്ടൻ പാർട്ടിയുടെ മണ്ടയ്ക്കും കിട്ടി ഒരടി.

ആവേശം മൂത്തപ്പോൾ വിഎസ് തളർന്നു സീറ്റിലേക്കു വീണു. അപകടം മണത്ത എസ്.ശർമയും മറ്റും ഓടിയെത്തുമ്പോഴേക്ക് അദ്ദേഹം പൂർവാധികം ശക്തനായി എഴുന്നേറ്റു. പിന്നെയും നിലയ്ക്കാത്ത വാഗ്ധോരണി. അടുത്ത കാലത്തൊന്നും വിഎസ് ഈ ഫോമിലേക്കുയർന്നു കണ്ടിട്ടില്ല.

മന്ത്രിമാർക്കു മുഖ്യമന്ത്രി മാർക്കിടുന്നതായി എൻ.ഷംസുദ്ദീൻ കേട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ആരു മാർക്കിടുമെന്നാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. മന്ത്രിമാരുടെ മാർക്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും അവർക്കൊന്നും പാസ് മാർക്ക് പോലും കിട്ടില്ലെന്നും ഷംസുദ്ദീൻ കട്ടായം പറഞ്ഞു. ഷംസുദ്ദീന്റെ പാസ് മാർക്ക് സർക്കാരിനു വേണ്ടെന്നും ചെങ്ങന്നൂരുകാർ ഉയർന്ന റാങ്ക് നൽകിയിട്ടുണ്ടെന്നും വീണാ ജോർജ് പറഞ്ഞു. കോൺഗ്രസിനു വൈറസ് ബാധയാണെന്നും ആ വൈറസിന്റെ ഉറവിടം പുതുപ്പള്ളിയിലാണെന്നും പ്രമുഖ വൈറോജിസ്റ്റായ വീണ കണ്ടെത്തി.

മുഖ്യമന്ത്രിക്ക് ഒരുപാട് ഉപദേഷ്ടാക്കളുണ്ടെങ്കിലും കാര്യങ്ങൾ ഭംഗിയായി നടക്കുന്നില്ലെന്നാണ് പി.ഉബൈദുല്ലയുടെ നിരീക്ഷണം. അത്യാവശ്യമായി കുറച്ചു മത ഉപദേഷ്ടാക്കളെക്കൂടി നിയമിക്കണം. പല മതങ്ങൾ, പല ജാതികൾ, ഉപജാതികൾ.... ഒന്നും രണ്ടും ഉപദേഷ്ടാക്കൾ മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അച്ചുകൂടം വിഴുങ്ങിയ മട്ടിലേ സംസാരിക്കൂ എന്ന വാശിയാണു മന്ത്രി സി.രവീന്ദ്രനാഥിന്. മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റുകൾ കുറവാണെന്നു ചൂണ്ടിക്കാട്ടി കെ.എൻ‍.എ.ഖാദർ നൽകിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നൽകുമ്പോൾ വക്കും അരികും പൊട്ടാത്ത വാക്കുകളാണു മന്ത്രി ഉപയോഗിച്ചത്. ‘‘സയന്റിഫിക് ആയ നിരീക്ഷണം നടത്തി ഇതിന്റെ കാര്യങ്ങൾ അസെർടെയ്ൻ ചെയ്യും’’ എന്നു മന്ത്രി പറഞ്ഞപ്പോൾ സീറ്റ് കിട്ടുമോ കിട്ടില്ലേ എന്നു ചോദിച്ചു വരുന്നവരോട് ഇങ്ങനെ പറഞ്ഞാൽ വിവരമറിയുമെന്നു ഖാദർ മന്ത്രിക്കു സദ്ബുദ്ധി ഉപദേശിച്ചു.

∙ഇന്നത്തെ വാചകം

സജി ചെറിയാൻ: എന്റെ വിജയത്തിനു കാരണം ഏതോ പ്രത്യേക വിഭാഗത്തിന്റെ വോട്ട് കിട്ടിയതു കൊണ്ടാണെന്നു സ്ഥാപിക്കാൻ യുഡിഎഫ് ശ്രമിച്ചു. എല്ലാ ജാതിമത വിഭാഗങ്ങളും എനിക്കു വോട്ട് ചെയ്തിട്ടുണ്ട്. എല്ലാ രാഷ്ട്രീയ കക്ഷികളിലും പെട്ടവർ എനിക്കു വോട്ട് ചെയ്തിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെ‍ടുപ്പിൽ എൽഡിഎഫിനു 120 സീറ്റ് കിട്ടും.