Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാറുകൾ പൂട്ടിയത് എന്നോടുള്ള അസൂയകൊണ്ട്; ഉമ്മൻ ചാണ്ടിയുടെ പകയുടെ കാരണം അറിയില്ല: സുധീരൻ

VM-Sudheeran

തിരുവനന്തപുരം∙ പരസ്യ പ്രസ്താവന പാടില്ലെന്ന കെപിസിസി വിലക്കു ലംഘിച്ചു മുതിർന്ന നേതാവ് വി.എം.സുധീരൻ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയെ പരസ്യമായി കടന്നാക്രമിച്ചു. പ്രതിപക്ഷം പരാജയമാണെന്ന് ആരോപിച്ചു രമേശ് ചെന്നിത്തലയെയും വെറുതെ വിട്ടില്ല. പരസ്യപ്രസ്താവന പാടില്ലെന്നു പറയുന്ന എം.എം.ഹസനാണു താൻ പ്രസിഡന്റായിരിക്കെ അക്കാര്യം കൂടുതൽ ചെയ്തതെന്നാരോപിച്ച് അദ്ദേഹത്തിനെതിരെയും തിരിഞ്ഞു.

കെപിസിസി പ്രസിഡന്റായപ്പോൾ ക്രൂരമായ നിസംഗതയും നിസഹകരണവുമാണ് ഉമ്മൻചാണ്ടി കാട്ടിയതെന്നു സുധീരൻ ആരോപിച്ചു. പ്രസിഡന്റായപ്പോൾ ഉമ്മൻചാണ്ടിയെ വീട്ടിൽ പോയി ഒന്നു കാണാനായതു വളരെ പ്രയാസപ്പെട്ടാണ്. മുഖത്തു തികഞ്ഞ നീരസമായിരുന്നു. സ്ഥാനാരോഹണച്ചടങ്ങിൽ നിന്നു ബോധപൂർവം വിട്ടുനിന്നു. എന്നിട്ടും ജനപക്ഷ യാത്രയും ജനരക്ഷാ യാത്രയും ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചു. ആദ്യ യാത്ര ഉദ്ഘാടനം ചെയ്തപ്പോൾ തന്റെ പേരുപോലും പറഞ്ഞില്ല. രണ്ടാമത്തെ യാത്ര തുടങ്ങിയപ്പോഴാണു സോളർ കേസ് വന്നത്. വ്യത്യസ്താഭിപ്രായം ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയെ പ്രതിരോധിക്കുന്ന ദൗത്യം നിറവേറ്റി. തന്നോടുള്ള പകയുടെ കാരണം അറിയില്ലെന്നു സുധീരൻ പറഞ്ഞു.

എ.കെ.ആന്റണിയും വയലാർ രവിയും ഉമ്മൻചാണ്ടിയും തന്റെ നേതാക്കളാണെന്ന് അഭിമാനത്തോടെ പറയുന്നയാളാണു താൻ. എന്നാൽ വ്യതിയാനം മുഖത്തു നോക്കി പറയും. കെ.കരുണാകരനോടും അതു തന്നെയായിരുന്നു സമീപനം.

നിബന്ധനകൾ പാലിച്ചില്ലെന്നു സിഎജി റിപ്പോർട്ടിൽ തെളിഞ്ഞ 418 ബാറുകൾ പൂട്ടണമെന്ന തന്റെ നിർദേശത്തിനു സമൂഹത്തിന്റെ അംഗീകാരം കിട്ടിയപ്പോഴുണ്ടായ അസൂയ കൊണ്ടു മാത്രമാണ് ഉമ്മൻചാണ്ടി മുഴുവൻ ബാറുകളും പൂട്ടി അമിതാവേശം കാട്ടിയത്. ഇരിക്കൂർ സീറ്റ് കെ.സി.ജോസഫിനു കൊടുക്കുന്നതിനെതിരെ പാർട്ടിയിൽ കലാപം നടക്കുമ്പോൾ താനടക്കം ഇടപെട്ടാണ് അദ്ദേഹത്തിന് ‘ഒറ്റത്തവണ’ കൊടുത്തത്.

എഐസിസിയെ ധിക്കരിച്ചാണ് ഉമ്മൻചാണ്ടി വിഴിഞ്ഞം പദ്ധതി അദാനിക്കു കൈമാറിയതെന്ന ആരോപണവും സുധീരൻ ഉന്നയിച്ചു. പദ്ധതി കൊണ്ട് ഗുണം അദാനിക്കു മാത്രമാണ്– സുധീരൻ ആരോപിച്ചു.

related stories