ജ്വല്ലറികൾ ശക്തിപ്പെടുത്തും; ഇന്ത്യയിലെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കും: അറ്റ്ലസ് രാമചന്ദ്രൻ

ദുബായ് ∙ സൗദി, കുവൈത്ത്, ദോഹ, മസ്കത്ത് എന്നിവിടങ്ങളിലെ ജ്വല്ലറികൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണു മുൻഗണനയെന്നും പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്നും അറ്റ്‌ലസ് രാമചന്ദ്രൻ. സാമ്പത്തിക കേസിൽ മൂന്നുവർഷത്തോളം യുഎഇ ജയിലിലായിരുന്ന അറ്റ്ലസ് ജ്വല്ലറി ശൃംഖല ഉടമ എം.എം. രാമചന്ദ്രൻ (77) ഭാവി പദ്ധതികളെ കുറിച്ചു മനോരമയോടു വിശദീകരിച്ചു.

ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അറ്റ്ലസ് ജ്വല്ലറി ഇന്ത്യാ ലിമിറ്റഡിന്റെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കും. 10 രൂപയുടെ ഓഹരിക്ക് ഇപ്പോൾ 70 രൂപയുണ്ട്. അയ്യായിരത്തോളം ചെറിയ ഓഹരി ഉടമകളുള്ള ഈ കമ്പനി വിപുലമാക്കും. യുഎഇയിലെ 19 ഷോറൂമുകളും ഓഫിസും വർക‍്ഷോപ്പും അടച്ചെങ്കിലും രാജ്യം വിടില്ല. ഒരു ഷോറൂമെങ്കിലും എത്രയും വേഗം പുനരാരംഭിക്കും.

വായ്പയ്ക്ക് ഈടായി നൽകിയ ചെക്ക് മടങ്ങിയതാണു പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. തിരിച്ചടവ് ഒരു തവണ അൽപം വൈകി. നന്നായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്ന് വൈകൽ ബാങ്ക് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നാൽ, ബാങ്ക് പെട്ടെന്ന് ചെക്ക് ഹാജരാക്കാനുള്ള കാരണം ചില കിംവദന്തികളാണെന്നു കരുതുന്നു. ഭാര്യ ഇന്ദിരയാണു ബാങ്കുകളുമായി ചർച്ച നടത്തിയത്. മസ്കത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന രണ്ട് ആശുപത്രികൾ വിറ്റാണു ബാങ്കുകൾക്കു തുക നൽകി താൽക്കാലിക ധാരണയിലെത്തിയത്. എന്നാൽ ആശുപത്രികൾ വിൽക്കാനും പണം കിട്ടാനും പബ്ലിക് പ്രോസിക്യൂഷനിൽ നടപടികൾ പൂർത്തിയാക്കാനും കുറച്ചു സമയമെടുത്തു. ദൈവത്തോടും ഒപ്പം നിൽക്കുന്നവരോടും നന്ദിയുണ്ടെന്നും രാമചന്ദ്രൻ പറഞ്ഞു.