Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറ്റ്‌ലസ് രാമചന്ദ്രൻ ജയിൽ മോചിതനായി

Atlas Ramachandran

ദുബായ് ∙ പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം. രാമചന്ദ്രൻ മൂന്നുവർഷത്തോളം നീണ്ട ജയിൽവാസത്തിനുശേഷം മോചിതനായി. വായ്പ നൽകിയ ബാങ്കുകളും സ്വകാര്യ സ്ഥാപനങ്ങളുമായി ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണു മോചനം. എന്നാൽ കർശന ജാമ്യവ്യവസ്ഥകളുള്ളതിനാൽ വിദേശയാത്രാ വിലക്കുണ്ടെന്ന് അറിയുന്നു. വിവിധ ബാങ്കുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമായി 55കോടിയിലേറെ ദിർഹത്തിന്റെ (ആയിരം കോടിയോളം രൂപ) വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കേസിൽ 2015 ഓഗസ്റ്റിലാണ് അറസ്റ്റിലായത്. ആദ്യം നടന്ന ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നു ദുബായ് കോടതി മൂന്നുവർഷ തടവുശിക്ഷ വിധിക്കുകയായിരുന്നു.

രാമചന്ദ്രന്റെ മോചനത്തിനായി കേന്ദ്രസർക്കാർ ഉൾപ്പെടെ ശ്രമം നടത്തിയിരുന്നു. കടം വീട്ടാനായി ഒമാനിലെ ആസ്തികൾ ഉൾപ്പെടെ വിറ്റാണ് ഒത്തുതീർപ്പിലെത്തിയതെന്ന് അറിയുന്നു. മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന്റെ യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ അൻപതോളം ശാഖകൾ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. കേരളത്തിലെ ശാഖകളും അടച്ചു.

പ്രശ്നങ്ങളെല്ലാം തീർക്കും: അറ്റ്‌ലസ് രാമചന്ദ്രൻ

ദുബായ് ∙ പരീക്ഷണങ്ങൾ പുതുമയല്ലെന്നും കുവൈത്തിൽ നിന്ന് എല്ലാം ഉപേക്ഷിച്ചുള്ള പലായനത്തിനു ശേഷം പടുത്തുയർത്തിയ ജീവിതത്തിന് ഇപ്പോൾ നേരിട്ട തിരിച്ചടി താൽക്കാലികമാണെന്നും അറ്റ്ലസ് രാമചന്ദ്രൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യക്കേസിൽ ജയിൽമോചിതനായ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷണങ്ങൾ പുതുമയല്ല. തടവറയിലെ തണുപ്പിൽ ജീവിക്കുമ്പോഴും മനസ്സ് മരവിച്ചിരുന്നില്ല. എല്ലാ പ്രശ്നങ്ങളും തീർക്കാമെന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കാമെന്നും ആത്മവിശ്വാസമുണ്ട്. ബാധ്യതകളിൽ നിന്ന് ഒളിച്ചോടരുതെന്നു നിർബന്ധമുണ്ടായിരുന്നു. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ചില ആസ്തികൾ കുറഞ്ഞ വിലയ്ക്കു വിൽക്കേണ്ടിവന്നതിൽ വിഷമമുണ്ട് – അദ്ദേഹം പറഞ്ഞു.

related stories