ഒരു ഹെലികോപ്റ്റർ ഉണ്ടായിരുന്നെങ്കിൽ....

കാലവർഷം വിതച്ച ദുരന്തങ്ങളെക്കുറിച്ചു പാറയ്ക്കൽ അബ്ദുല്ല നൽകിയ അടിയന്തരപ്രമേയ നോട്ടിസ് സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാങ്ങണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള ചർച്ചയിലേക്കു ചുരുങ്ങി. ഹെലികോപ്റ്റർ വാങ്ങണമെന്നാണ് ഇ.പി.ജയരാജന്റെ അഭിപ്രായം. ഈ വക കാര്യങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടു തികച്ചും പുരോഗമനാത്മകമാണ്. കട്ടൻചായ, പരിപ്പുവടക്കാലം എന്നേ കഴിഞ്ഞുപോയെന്ന് അദ്ദേഹത്തിനു വ്യക്തമായ ബോധ്യമുണ്ട്.

ഹെലികോപ്റ്റർ വേണ്ട, സർക്കാരിന്റെ കൈവശമുള്ള ആറു സീറ്റുള്ള വിമാനത്തിനു പൈലറ്റിനെ വച്ചാൽ പ്രശ്നം തീരുമെന്നാണു കെ.ബി.ഗണേഷ് കുമാറിന്റെ നിർദേശം. അദ്ദേഹത്തിനുകൂടി ഒരു വിമാനം ലഭ്യമാക്കിയാൽ മറ്റുള്ളവർക്ക് ഊരുപേടിയില്ലാതെ കാർ ഓടിക്കാം. ധനവിനിയോഗ ബിൽ ചർച്ചയിൽ ധനത്തെക്കുറിച്ചോ അതിന്റെ വിനിയോഗത്തെക്കുറിച്ചോ ഒരക്ഷരംപോലും മിണ്ടാതിരിക്കാൻ എം.സ്വരാജ് നിഷ്കർഷ കാട്ടി. എന്നാൽ‍ കോൺഗ്രസിന്റെ ദുരവസ്ഥയിലേക്കു വിരൽ ചൂണ്ടാൻ മറന്നതുമില്ല. ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന നട്ടെല്ലില്ലാത്തവരുടെ ആൾക്കൂട്ടമായി കോൺഗ്രസ് മാറിയെന്നും കേരളത്തിലെ യുവ എംഎൽഎമാരുടെ കൂട്ടവിലാപം കൊണ്ടൊന്നും രക്ഷപ്പെടില്ലെന്നും സ്വരാജ് തീർത്തു പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥർ പൊലീസുകാരെക്കൊണ്ടു ദാസ്യപ്പണി ചെയ്യിക്കുന്നതിനെക്കുറിച്ച് ഉപക്ഷേപം ഉന്നയിച്ചതു കെ.എസ്.ശബരീനാഥൻ. ഇതേ വിഷയം ക്രമപ്രശ്നമായി എൻ.ഷംസുദീനും ഉന്നയിച്ചു. ബ്രിട്ടിഷ് ഭരണകാലത്തുനിന്നു കൈമാറിക്കിട്ടിയ ഈ ജീർണ പാരമ്പര്യം തുടരാൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കിഫ്ബിയെ ചാപിള്ളയെന്നും മലർപൊടിക്കാരന്റെ സ്വപ്നമെന്നും വിശേഷിപ്പിച്ചവർക്ക് ഇപ്പോൾ എന്തു പറയാനുണ്ടെന്നു വി.ജോയി ആരാഞ്ഞു. ധനമന്ത്രി തോമസ് ഐസക്കിനെയും കിഫ്ബിയെയും ഒരുപോലെ അഭിനന്ദിച്ചാണു പി.സി.ജോർജ് കൃതാർഥനായത്. പട്ടിക്കൂടിനു കാവൽ നിൽക്കാനും എഡിജിപിമാരുടെ മക്കളുടെ കൈത്തരിപ്പു തീർക്കാനും പൊലീസുകാർ തന്നെ വേണോ എന്നായിരുന്നു എം.ഉമ്മറിന്റെ സംശയം.

ദസ് ക്യാപിറ്റലിന്റെ 150–ാം വാർഷികം ആഘോഷിക്കാനും ഉപധനാഭ്യർഥനകളിൽ പണം വകയിരുത്തിയതു കണ്ടതിന്റെ അങ്കലാപ്പിൽ നിന്ന് എ.പി.അനിൽകുമാർ മോചിതനായിട്ടില്ല. ലോകത്തിൽ ഒരിടത്തും ഈ ആഘോഷം നടന്നതായി അദ്ദേഹം കേട്ടിട്ടും കണ്ടിട്ടുമില്ല.

ഇന്നത്തെ വാചകം: എം.ഉമ്മർ

കാട്ടിലെത്ര ആനയുണ്ട്, എത്ര സിംഹവാലൻ കുരങ്ങുണ്ട്, എത്ര പന്നിയുണ്ട് എന്നു ചോദിച്ചാൽ വനം വകുപ്പിന്റെ കയ്യിൽ കണക്കുണ്ടാകും. എത്ര കസ്റ്റഡി മരണമുണ്ടായി എന്നു ചോദിച്ചാൽ ആഭ്യന്തര വകുപ്പിന്റെ മറുപടി ‘വിവരം ശേഖരിച്ചു വരുന്നു’ എന്നാണ്. ഈ വകുപ്പിനൊഴിച്ച് എല്ലാവർക്കും ഇതിന്റെ കണക്കറിയാം.