Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലവർഷക്കെടുതി: സഹായം രണ്ട് ഗഡുക്കളായി

Rain Havoc

തിരുവനന്തപുരം ∙ ഉരുൾപൊട്ടൽ അടക്കമുള്ള കാലവർഷക്കെടുതിയിൽ വീട് പൂർണമായി നഷ്ടമായവർക്ക്് ഇവ പുനർനിർമിക്കുന്നതിനുള്ള നാലു ലക്ഷം രൂപ രണ്ടു ഗഡുക്കളായി നൽകുമെന്നു മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. വീടുനിർമാണം തുടങ്ങുന്നതിനു മുൻപു സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ആദ്യ ഗഡുവും നിർമാണം 25% പൂർത്തീകരിച്ച ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ബാക്കി തുകയും നൽകും. 75 ശതമാനത്തിലധികം തകർച്ച നേരിട്ട വീടിനെ വാസയോഗ്യമല്ലാതായ വീടായി കണക്കാക്കും.

ദുരന്തബാധിതർ, വീടു തകർന്ന അതേസ്ഥലത്താണ് പുനർനിർമിക്കുന്നതെങ്കിൽ തദ്ദേശസ്ഥാപനം ഒരു ദിവസത്തിനുള്ളിൽ അനുമതി നൽകണം. ഭൂമി പൂർണമായും നഷ്ടമായവർക്കു പകരം സ്ഥലം നൽകും. കേരളത്തിൽ സ്വന്തമായി വേറെ ഭൂമി ഇല്ലെങ്കിലോ നിലവിലെ സ്ഥലം വീടുവയ്ക്കാൻ യോജ്യമല്ലെങ്കിലോ സ്ഥലം വാങ്ങുന്നതിനായി ആറു ലക്ഷം രൂപയോ പ്രമാണത്തിൽ ഉള്ള തുകയോ ഏതാണോ കുറവ് അത് അനുവദിക്കും. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ചെറുക്കാൻ മാർഗരേഖ തയാറാക്കാൻ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിച്ചു.

∙കാലവർഷത്തിലെ നഷ്ടം

മരണം 56, പൂർണമായി തകർന്ന വീടുകൾ 255, ഭാഗികമായി തകർന്നവ 5566, പൗൾട്രി 3534, കൃഷിനഷ്ടം 4217.91 ഹെക്ടർ, ക്യാംപുകളിൽ താമസിപ്പിച്ചവർ 28,700, തകർന്ന പഞ്ചായത്ത് റോഡ് 241.42 കിലോമീറ്റർ, പിഡബ്ല്യുഡി റോഡ് 450 കിലോമീറ്റർ, സംരക്ഷണഭിത്തി, കലുങ്ക്്, റോഡിനോടു ചേർന്ന ഓടകൾ 140 എണ്ണം, പിഡബ്ല്യുഡി നിർമിതികളുടെ നഷ്ടം 101 കോടി, 11 കെവി ട്രാൻസ്ഫോമർ 1198, തകർന്ന ഇലക്ട്രിക് പോസ്റ്റുകൾ 1971.

related stories