നിസാൻ ഡിജിറ്റൽ ഹബ്ബിനു പിന്നാലെ മൈക്രോസോഫ്റ്റും തലസ്ഥാനത്തേക്കു വന്നേക്കും

തിരുവനന്തപുരം∙ നിസാൻ ഡിജിറ്റൽ ഹബ് തലസ്ഥാനത്തേക്ക് എത്തുന്നതിനു പിന്നാലെ, നിസാൻ മോട്ടോർ കമ്പനിയുടെ ഡിജിറ്റൽ പങ്കാളിയായ മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള ഭീമൻമാരും എത്തിയേക്കുമെന്നു സൂചന. നിസാൻ ഡിജിറ്റൽ എന്ന പുതിയ വിഭാഗം ആരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ ഐടി പങ്കാളികളുമായി ചർച്ച പുരോഗമിക്കുകയാണ്. ഏതൊക്കെ ഡിജിറ്റൽ ഹബ്ബുകളിലാണ് മൈക്രോസോഫ്റ്റിന്റെ സാന്നിധ്യമുണ്ടാവുക എന്നു വ്യക്തമല്ല.

നിസാൻ ഡിജിറ്റലിന്റെ ഭാഗമായി നിസാൻ–റെനോ–മിത്‍സുബിഷി സഖ്യത്തിന്റെ സിഇഒ: കാർലോസ് ഗോൻ, മൈക്രോസോഫ്റ്റ് സിഇഒ: സത്യ നദെല്ലയുമായി കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. മൈക്രോസോഫ്റ്റിനു പുറമെ സാപ്, അക്സെഞ്ചർ തുടങ്ങിയ പ്രമുഖ കമ്പനികളും നിസാന്റെ പങ്കാളികളാണ്. 2016ൽ ആണു മൈക്രോസോഫ്റ്റ് നിസാൻ–റെനോ സഖ്യവുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടത്. പുതുതലമുറ കാറുകളുമായി ബന്ധപ്പെട്ട കണക്റ്റഡ് സേവനങ്ങൾ നൽകാൻ ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്ഫോമായി മൈക്രോസോഫ്റ്റ് ആഷർ ഉപയോഗിച്ചുള്ള ഗവേഷണങ്ങളാണു നിസാൻ നടത്തുന്നത്.

വാഹനരംഗത്തെ ഡിജിറ്റൽ മാറ്റങ്ങളെപ്പറ്റിയായിരുന്നു ചർച്ച. തലസ്ഥാനത്തെ ഡിജിറ്റൽ ഹബ് യാഥാർഥ്യമാകുന്നതോടെ മൈക്രോസോഫ്റ്റിനെയും മറ്റും കേരളത്തിലേക്കു ക്ഷണിക്കുമെന്നാണു സൂചന. നിസാൻ ഡിജിറ്റലിന്റെ 50 ശതമാനം ജീവനക്കാരും തലസ്ഥാനത്തെ ഹബ്ബിലായിരിക്കുമെന്നതിനാൽ കൂടുതൽ ഐടി പങ്കാളികൾ ഇവിടെ താൽപര്യം പ്രകടിപ്പിച്ചേക്കാം. നിസാൻ കാറുകളിൽ നിന്നും നിർമാണ ശൃംഖലകളിലെ സെൻസറുകളിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ചു കാര്യക്ഷമത വർധിപ്പിക്കുന്ന നിസാൻ റൺ എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചതു ജർമൻ സോഫ്റ്റ്‍വെയർ ഭീമനായ സാപ് ആണ്.

കാറിനെയും നിർമാതാക്കളെയും ബന്ധിപ്പിച്ചു റിമോട്ട് സേവനങ്ങൾ നൽകുന്ന ആധുനികമായ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നത് ആക്സെ​ഞ്ചറാണ്. നിലവിലുള്ള ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ കമ്പനികളുമായി ധാരണയായിക്കഴിഞ്ഞു. ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ പ്രവീൺ റാവു ഇതുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തെത്തിയിരുന്നു.

വിവിധ കമ്പനികളിലായി 10,000 തൊഴിലവസരങ്ങൾ അടുത്ത ആറു വർഷത്തിനകമുണ്ടാകുമെന്നാണു പ്രതീക്ഷ. പള്ളിപ്പുറം ടെക്നോസിറ്റിയിൽ ആരംഭിക്കുന്ന നിസാൻ ഡിജിറ്റൽ ഹബ്ബുമായി ബന്ധപ്പെട്ടു ധാരണാപത്രം നാളെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിടും. നിസാന്റെ ഡ്രൈവർരഹിത വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ഗവേഷണവിഭാഗമാണു തലസ്ഥാനത്തെത്തുന്നത്.