ട്രെയിൻ എൻജിൻ സിഗ്നൽ തെറ്റിച്ചു നീങ്ങി; രണ്ടു മണിക്കൂറോളം ഗതാഗതം താറുമാറായി

തിരുവനന്തപുരം∙ സിഗ്നൽ തെറ്റിച്ചു നീങ്ങിയ ട്രെയിൻ എൻജിൻ തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സിഗ്നൽ സംവിധാനം തകരാറിലാക്കിയതോടെ ഇന്നലെ രണ്ടു മണിക്കൂറോളം ട്രെയിൻ ഗതാഗതം താറുമാറായി. രാവിലെ 9.30നു സിഗ്നൽ സംവിധാനം തകർന്നതോടെ, ഇവിടേക്ക് എത്തിയ ട്രെയിനുകളെ മുരുക്കുംപുഴ വരെയുള്ള വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. മൂന്നു പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സിഗ്നൽ പൂർണമായും നഷ്ടമായി.

ഇന്റർസിറ്റി, വഞ്ചിനാട്, കന്യാകുമാരി മെമു, ട്രിവാൻഡ്രം മെയിൽ തുടങ്ങിയ തീവണ്ടികളാണു വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടത്. 11 മണിക്കു ശേഷമാണു സെൻട്രൽ സ്റ്റേഷനിൽ ട്രെയിനുകൾ എത്തിയത്. റെയിൽവേ പൊലീസ് സ്‌റ്റേഷനു സമീപത്തു ലോക്കോ എൻജിനുകൾ നിർത്തിയിടുന്ന ലേ ബൈ ലൈനിലാണ് അപകടമുണ്ടായത്.

യാത്ര കഴിഞ്ഞെത്തിയ എൻജിന് 200 മീറ്റർ നീളമുള്ള പാളത്തിലേക്കു കടക്കാൻ സിഗ്നൽ നൽകിയിരുന്നില്ല. ഇതു ശ്രദ്ധിക്കാതെ ലോക്കോ പൈലറ്റ് എൻജിൻ മുന്നോട്ടു നീക്കി. പാളങ്ങൾ യോജിക്കുന്ന ഭാഗത്ത് എത്തിയപ്പോഴേക്കും സിഗ്നൽ ലഭിച്ചിരുന്നു. ഇതു മനസ്സിലാക്കാതെ, റെഡ്‌ സിഗ്നലാണെന്ന ധാരണയിൽ ലോക്കോപൈലറ്റ് എൻജിൻ പിന്നോട്ടു നീക്കി. സ്‌റ്റേഷനിലേക്കു തീവണ്ടികളെ സ്വീകരിക്കുന്ന പ്രധാന സിഗ്നൽ സംവിധാനം ഇതോടെ തകരാറിലായി.

സിഗ്നൽ ക്യാബിനിൽ നിന്നുള്ള റിസീവിങ് സിഗ്നൽ പേട്ട മുതലാണു സജ്ജീകരിച്ചിട്ടുള്ളത്. ഒരോ തീവണ്ടിക്കും സ്‌റ്റേഷൻമാസ്റ്റർമാർ നേരിട്ടു സിഗ്നൽ നൽകി സ്വീകരിക്കേണ്ടിവന്നു. ഒരു തീവണ്ടി സ്‌റ്റേഷനിൽ എത്തിക്കാൻ ഏകദേശം 45 മിനിറ്റ് വേണ്ടിവന്നു.

അപ്രതീക്ഷിതമായി ഉണ്ടായ പ്രശ്നത്തിൽ യാത്രക്കാർ വലഞ്ഞു. പിടിച്ചിട്ട തീവണ്ടികളിൽ ഏറെപ്പേരും വെള്ളം പോലും ലഭിക്കാതെ മണിക്കൂറുകൾ കഴിഞ്ഞു. സിഗ്നൽ തകരാർ പരിഹരിക്കാൻ വൈകുമെന്ന വിവരം യാത്രക്കാരെ അറിയിക്കാൻ റെയിൽവേക്ക് കഴിഞ്ഞില്ല.

അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സിഗ്നൽ തെറ്റിച്ച് എൻജിൻ നീങ്ങിയതിനെത്തുടർന്നു സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സിഗ്നൽ തകരാറിലാക്കിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ. ലോക്കോപൈലറ്റിന്റെ വീഴ്ചയെന്നാണു പ്രാഥമിക നിഗമനം. ഉച്ചയ്ക്കു ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ട്രെയിനുകൾ അകാരണമായി വൈകിയതിനെത്തുടർന്നു നൂറുകണക്കിനു പരാതികളാണെത്തിയത്.

ലോക്കോ എൻജിനുകൾ നിർത്തിയിടുന്ന ട്രാക്കിൽ സിഗ്നൽ തിരിച്ചറിയുന്നതിലുള്ള ആശയക്കുഴപ്പമാണു പ്രശ്നമായതെന്നാണു സൂചന. ട്രാക്കുകൾ വിഭജിക്കുന്ന സ്ഥലത്തു സിഗ്നൽ സംവിധാനത്തിന്റെ ഭാഗമായുള്ള പോയിന്റ് മെഷീൻ കടന്നാണ് എൻജിൻ‌ മുന്നോട്ട് നീങ്ങിയത്. പോയിന്റ് മെഷീൻ കടന്നാൽ ട്രാക്കിൽ എൻജിനില്ല എന്നു സിഗ്നൽ സംവിധാനത്തിൽ ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്തും. എന്നാൽ ആശയക്കുഴപ്പമുണ്ടായതിനെത്തുടർന്നു പിന്നോട്ട് നീങ്ങി, ഇത് അനുവദനീയമല്ല.

അസ്വാഭാവിക ചലനമെന്ന രീതിയിൽ പോയിന്റ് മെഷീൻ വഴി യാർഡിലെ മുഴുവൻ സിഗ്നൽ സംവിധാനവും പ്രവർത്തരഹിതമാകും. ഇതു സുരക്ഷാമുൻകരുതലെന്ന നിലയിലുള്ള നടപടിയാണ്. സിഗ്നൽ പ്രവർത്തനരഹിതമായില്ലെങ്കിൽ അപകടങ്ങൾക്കു വഴിവെച്ചേക്കാം. പോയിന്റ് മെഷീൻ പൂർവസ്ഥിതിയിലാക്കുക ദുഷ്കരമാണ്. ഇതുമൂലമാണു ട്രെയിനുകൾ വൈകിയത്.