Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജേക്കബ് തോമസിന്റെ പ്രതിഫലം: ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ഉത്തരവ്

jacob-thomas

തിരുവനന്തപുരം∙ വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ് സർക്കാർ അനുമതിയില്ലാതെ പ്രതിഫലം വാങ്ങി എൻജിനീയറിങ് കോളജിൽ പഠിപ്പിച്ചതിനെക്കുറിച്ചും അതിന്മേൽ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കാൻ നിർദേശിച്ചോ എന്നതു സംബന്ധിച്ചും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കു ശരിയായ മറുപടി നൽകാത്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൻ എം.പോൾ ഉത്തരവിട്ടു. മുൻ എംഎൽഎ ജോസഫ് എം.പുതുശേരിയാണു ഹർജിക്കാരൻ.

2016 നവംബർ 26ന് ആണു പുതുശേരി അപേക്ഷ നൽ‍കിയത്. വ്യക്തിപരമായ വിവരങ്ങൾ നൽകാനാവില്ലെന്നായിരുന്നു പൊതുഭരണവകുപ്പ് അണ്ടർസെക്രട്ടറി എൽ.ടി.സന്തോഷ് കുമാറിന്റെ മറുപടി. സർക്കാർ ജീവനക്കാരന്റെ വിവരങ്ങൾ പൊതു അറിവിലേക്കു നൽകേണ്ടതാണെന്ന നിയമത്തിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി അപ്പീൽ അധികാരിയായ അഡീഷനൽ സെക്രട്ടറി എസ്.ശ്രീവൽസനു പുതുശേരി അപേക്ഷ നൽകി.

വിഷയം വിജിലൻസിന്റെ പരിഗണനയിലാണെന്നു പറഞ്ഞാണ് ശ്രീവൽസൻ അപേക്ഷ മടക്കിയത്. ഇതേക്കുറിച്ചു പുതുശേരി കമ്മിഷനു നൽകിയ പരാതിയിലാണു സുപ്രധാന വിധി ഉണ്ടായത്. സന്തോഷ് കുമാർ നിയമങ്ങൾ വളച്ചൊടിച്ചു. വിവരങ്ങൾ പുറത്തുപോകരുതെന്ന ഗൂഢോദ്ദേശ്യത്തോടെയാണു മറുപടി നൽകിയത്. സന്തോഷ് കുമാർ 15 ദിവസത്തിനകം വിശദീകരണം നൽകണം. അല്ലെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കാൻ കമ്മിഷൻ ഉത്തരവു പുറപ്പെടുവിക്കും. സന്തോഷ് കുമാർ സ്ഥാപിത താൽപര്യങ്ങൾക്ക് അനുസരിച്ചാണു പ്രവർത്തിച്ചതെന്നു കമ്മിഷൻ നിരീക്ഷിച്ചു. പുതുശേരി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും രേഖകളുടെ പകർപ്പും ഫീസ് കൂടാതെ പത്തുദിവസത്തിനകം ലഭ്യമാക്കണമെന്നും കമ്മിഷൻ ഉത്തരവിട്ടു.