കോൺഗ്രസിന്റെ ശത്രു കോൺഗ്രസ് തന്നെ: ആന്റണി

തിരുവനന്തപുരം∙ കോൺഗ്രസിന്റെ ഒന്നാം നമ്പർ ശത്രു കോൺഗ്രസാണെന്നു പാർട്ടി പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി. രക്ഷപ്പെടണോ ശോഷിക്കണോയെന്നു സ്വയം തീരുമാനിക്കാം. പരസ്പരം കലഹിച്ചാൽ യാദവകുലം പോലെ നശിക്കും. വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ ഈ നേതാക്കൾ കോൺഗ്രസിനെ നശിപ്പിച്ചെന്നു വരുംതലമുറ പഴിക്കും. ചെങ്ങന്നൂരിൽ നിന്നു പാഠം പഠിച്ചില്ല. അവിടെ ഒരു സമുദായ നേതാവും സഹായിച്ചില്ല. പിണറായി സർക്കാരിന്റെ തന്ത്രങ്ങളാണു വിജയിച്ചത്. കെ.കരുണാകരൻ ഉണ്ടായിരുന്നെങ്കിൽ അതിനൊരു മറുതന്ത്രം ഉണ്ടാകുമായിരുന്നു–ആന്റണി പറഞ്ഞു. ഇന്ദിരാഭവനിൽ കെപിസിസി സംഘടിപ്പിച്ച കെ.കരുണാകരൻ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാർട്ടിയെക്കുറിച്ചു ചിലതു പറയാനുണ്ടെന്നും അതു തള്ളിക്കളഞ്ഞാൽ പരാതിയില്ലെന്നുമുള്ള ആമുഖത്തോടെയാണ് ആന്റണി വിമർശനം അഴിച്ചുവിട്ടത്. 1967 ൽ കരുണാകരൻ നേരിട്ടതിനെക്കാൾ ആഴമേറിയ പ്രതിസന്ധിയിലൂടെയാണു കോൺഗ്രസ് കടന്നുപോകുന്നത്. ഇന്നു സമൂഹ മാധ്യമങ്ങളിലൂടെ ഇഷ്ടമില്ലാത്ത നേതാവിനെ നശിപ്പിക്കാം, ഇഷ്ടമുള്ളയാളെ വലുതാക്കാം. എന്നാൽ സമൂഹ മാധ്യമങ്ങളല്ല, എത്ര ജനം ഒപ്പമുണ്ട് എന്നതാണു പ്രധാനമെന്നു ചെറുപ്പക്കാർ മനസ്സിലാക്കണം. പരസ്യ പ്രസ്താവനാ യുദ്ധം പാർട്ടിക്കു ഗുണം ചെയ്യില്ല. ഞാൻ അച്ചടക്കത്തിന്റെ ആളല്ല, പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യം വേണം. പക്ഷേ, ചാനൽ ചർച്ചകളിൽ രണ്ടു നേതാക്കൾ പോയി ഗ്രൂപ്പ് യുദ്ധം നടത്തുന്നു. ഇതെല്ലാം ഈ പാർട്ടിയിലല്ലാതെ ഭൂലോകത്ത് എവിടെ നടക്കും? പാർട്ടിയോടു കൂറുണ്ടെങ്കിൽ ആഭ്യന്തരപ്രശ്നം ചർച്ച ചെയ്യാൻ ഇല്ലെന്നു പറയണം– ആന്റണി ചൂണ്ടിക്കാട്ടി.

പ്രധാന തീരുമാനങ്ങൾ എടുക്കും മുൻപു പാർട്ടിവേദികളിൽ ചർച്ച ചെയ്യണം. കെപിസിസി എക്സിക്യൂട്ടീവ് ഒരുദിവസം മുഴുവനും ചേരണം. ഭരണം പോലും ഇല്ലല്ലോ, അവിടന്ന് ഇറങ്ങിപ്പോകാൻ തിരക്കെന്താണ്? പാർട്ടി യോഗം തീരുമാനമെടുത്താൽ അതാണു പാർട്ടി തീരുമാനം. യുഡിഎഫിനു മുൻപായി കെപിസിസി യോഗം ചേരണം. ഏകോപന സമിതിയിൽ കോൺഗ്രസിന് ഏക അഭിപ്രായമാകണം. ചെങ്ങന്നൂരിൽ തോറ്റതു കൊണ്ടു കോൺഗ്രസിന്റെ കഥ കഴിഞ്ഞിട്ടില്ല. സമുദായങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കണം.

കെ.കരുണാകരൻ ഇന്നുണ്ടായിരുന്നെങ്കിൽ കേരളത്തിൽ ബിജെപിയുടെ വേരോട്ടം ഉണ്ടാകുമായിരുന്നില്ലെന്ന് ആന്റണി പറഞ്ഞു. അദ്ദേഹത്തിൽ ന്യൂനപക്ഷ സമുദായങ്ങൾക്കു വിശ്വാസമുണ്ടായിരുന്നു. ഭൂരിപക്ഷ സമുദായത്തിനു സ്വീകാര്യനും. പല ഘട്ടത്തിലും തനിക്കു കരുണാകരനുമായി ഏറ്റുമുട്ടേണ്ടി വന്നു. എന്നാൽ പാർട്ടിയിൽ പ്രതിസന്ധി വന്നാൽ അവിടെ തീരും എല്ലാ വഴക്കും. കരുണാകരന്റെ വികസന സ്മാരകങ്ങളി‍ൽ തലയുയർത്തി നിൽക്കുന്നതു നെടുമ്പാശേരി വിമാനത്താവളമാണ്. അതിന് അദ്ദേഹത്തിന്റെ പേരു നൽകാൻ നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ, മുൻ അധ്യക്ഷൻ വി.എം.സുധീരൻ, കെ.മുരളീധരൻ എംഎൽഎ, കൊടിക്കുന്നിൽ സുരേഷ് എംപി, വി.എസ്. ശിവകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ പ്രസംഗിച്ചു.