ട്രാവലറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മലയാളികൾ മരിച്ചു

കാസർകോട് മംഗൽപാടി സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം അപകടത്തിൽ തകർന്ന വാൻ.

കാസർകോട് ∙ ദേശീയപാതയിൽ ഉപ്പള നയാബസാർ വില്ലേജ് ഓഫിസിന് എതിർവശം ലോറിയും ട്രാവലറും കൂട്ടിയിടിച്ചു മഞ്ചേശ്വരം സ്വദേശിയടക്കം അഞ്ചുപേർ മരിച്ചു. 13 പേർക്കു പരുക്കേറ്റു. ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. അഞ്ചു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാടിലെ ആദംകുഞ്ഞിയുടെ മകൾ അസ്മ (30), കേരള–കർണാടക അതിർത്തിയായ തലപ്പാടിക്കടുത്ത് കെ.സി റോഡ് അജ്ജിനടുക്കയിലെ മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (68), മകൾ നസീമ (36), ഭർത്താവ് ഉള്ളാൾ മുക്കച്ചേരിയിലെ ഇംതിയാസ് (40), ബീഫാത്തിമയുടെ മറ്റൊരു മകളുടെ ഭർത്താവ് ഉള്ളാൾ മുക്കച്ചേരിയിലെ മുഷ്താഖ് (44) എന്നിവരാണു മരിച്ചത്.

ബീഫാത്തിമയുടെ മകൾ സൗദ (28), മറ്റൊരു മകൾ നഫീസയുടെ മകൻ സൽമാൻ ഫാരീസ് (15), നസീമയുടെ മക്കളായ ഷാഹിദ് (16), ആസിയ (ഒൻപത്), ഫാത്തിമ (ഒന്ന്), സൗദയുടെ മക്കളായ ഫവാസ് (12), ഫാസിയ (10), അമർ (ആറ്), സുമയ്യ (മൂന്ന്), അസ്മയുടെ മക്കളായ അമാൻ (ആറ്), അബ്ദുൽ റഹ്‍മാൻ (12), മാസിദ (ഒൻപത്), ആബിദ (ഏഴ് മാസം) എന്നിവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൽമാൻ ഫാരീസിന്റെ നില ഗുരുതരമായി തുടരുന്നു. വാഹനങ്ങൾ വെട്ടിപ്പൊളി‍ച്ചാണു മൃതദേഹങ്ങൾ പുറത്തെടുത്തത്.

ബീഫാത്തിമയുടെ മകൾ റുഖിയയുടെ ഗൃഹപ്രവേശം കഴിഞ്ഞു പാലക്കാട് നിന്നു തിരിച്ചുവരികയായിരുന്നു കുടുംബം. മംഗളൂരുവിൽ നിന്നു കാസർകോട് ഭാഗത്തേക്കു പോയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അഗ്നിരക്ഷാ വിഭാഗവും നാട്ടുകാരും ചേർന്നാണു വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ഡ്രൈവിങ് സീറ്റിലിരുന്ന ഇംതിയാസിനെ 45 മിനിറ്റ് കഴിഞ്ഞാണു പുറത്തെടുക്കാനായത്. ശനിയാഴ്ച വൈകിട്ട് പാലക്കാട്ടേക്കു പോയി ഞായറാഴ്ച രാത്രിയാണു തിരികെ പുറപ്പെട്ടത്.