Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിൽ ഭക്ഷണത്തിന് ഇനി ഒരേ പേര്: ഫ്രീഡം ഫുഡ്

കണ്ണൂർ∙ സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലെയും ഭക്ഷ്യയൂണിറ്റുകൾക്ക് ഇനി ഒറ്റപ്പേര്– ഫ്രീഡം ഫുഡ് ഫാക്ടറി. ജയിലിൽ നിന്നുള്ള ഭക്ഷ്യോൽപന്നങ്ങൾ ബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമായാണു തീരുമാനം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണു ജയിലുകൾ കേന്ദ്രീകരിച്ചു ഭക്ഷ്യയൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ഓരോ യൂണിറ്റും ഓരോ പേരിലാണ് ഇപ്പോൾ ഉൽപന്നങ്ങൾ പുറത്തിറക്കുന്നത്.

ജയിൽ വകുപ്പിന്റെ ഭക്ഷണശാലകൾക്കും ഉൽപന്നങ്ങൾക്കും പൊതുവായ അംഗീകാരം ലഭിക്കുന്നതിനാണ് ഏകീകൃത നാമം സ്വീകരിക്കുന്നതെന്ന് ജയിൽ വകുപ്പ് മേധാവി ആർ.ശ്രീലേഖ അറിയിച്ചു. പ്രത്യേക ലോഗോയും നിശ്ചയിച്ചിട്ടുണ്ട്. ജയിലുകളിൽ പൊതുജനങ്ങൾക്കായി തയാറാക്കുന്ന ഭക്ഷണപദാർഥങ്ങൾ പാക്കറ്റിൽ നൽകുമ്പോൾ പേരും ലോഗോയും നിർബന്ധമായും ഉപയോഗിക്കണമെന്നു നിർദേശമുണ്ട്.