രാമായണ മാസാചരണം: കോൺഗ്രസ് പിന്മാറി

തിരുവനന്തപുരം∙ പാർട്ടിക്കുള്ളിൽ വ്യത്യസ്താഭിപ്രായങ്ങളുയർന്നതോടെ രാമായണ മാസാചരണത്തിൽനിന്നു കോൺഗ്രസ് പിന്മാറി. രാമായണ പ്രചാരണം സിപിഎം ആരംഭിച്ചതിനു പിന്നാലെയാണ് ആ പാത പിന്തുടരുകയാണെന്ന സൂചന കോൺഗ്രസും നൽകിയത്.

വിചാർവിഭാഗിന്റെ തിരുവനന്തപുരം ജില്ലാകമ്മിറ്റി കർക്കടകം ഒന്നിനു തിരുവനന്തപുരത്ത് പരിപാടി ആസൂത്രണം ചെയ്യുകയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശിതരൂർ എന്നിവരെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ കെപിസിസി മുൻപ്രസിഡന്റുമാരായ കെ.മുരളീധരൻ, വി.എം.സുധീരൻ എന്നിവർ ഇതിനെതിരെ രംഗത്തുവന്നു. ബിജെപിയുടെ വഴിയിൽ രാമായണത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനോടുള്ള വിയോജിപ്പ് സുധീരൻ പ്രകടിപ്പിച്ചു. നാലുവോട്ടു കിട്ടാൻ ദൈവങ്ങളെ ഉപയോഗിക്കരുതെന്നു മുരളി ആവശ്യപ്പെട്ടു.

ബിജെപി ശൈലി കോൺഗ്രസ് പിന്തുടരുന്നതിലെ എതിർപ്പ് പല കോണിൽ നിന്നുമുയർന്നു. പാർട്ടിയുടെ ഫോറങ്ങളൊന്നും ചർച്ച ചെയ്യാതെ ഈ തീരുമാനമെടുത്തതിലുള്ള അതൃപ്തി ഉണ്ടായതിനെത്തുടർന്നു കെപിസിസി നേതൃത്വം വിചാർ വിഭാഗിനെ വിലക്കുകയായിരുന്നു. വിവാദങ്ങളുയർന്നതിനാൽ ഇതു വേണ്ടെന്നു വയ്ക്കുകയാണെന്നു കെപിസിസി വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ നെടുമുടി ഹരികുമാർ അറിയിച്ചു.