Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ: വ്യാപക കെടുതികൾ; പ്രളയ, ഉരുൾഭീഷണിയും

rain-pta

കനത്ത മഴയെത്തുടർന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക കെടുതി. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് തിരുവനന്തപുരത്തെ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ജനങ്ങൾക്കു ജാഗ്രതാ നിർദേശമുണ്ട്. വയനാട്ടിലെ ബാണാസുര സാഗർ ഡാം ഷട്ടറുകൾ ഏതു നിമിഷവും തുറക്കും.

മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പു നൽകി. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകർ ഒഴികെയുള്ളവർ വെള്ളപ്പൊക്കമോ ഉരുൾപൊട്ടലോ ഉള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം.

കാറ്റിലും മഴയിലും സംസ്ഥാനത്ത് എഴുനൂറിടങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടിയതായി റിപ്പോർട്ടുണ്ട്. എറണാകുളം ജില്ലയിലെ താഴ്ന്ന സ്ഥലങ്ങൾ പലതും വെള്ളത്തിനടിയിലായി. മൂവാറ്റുപുഴയിലും അങ്കമാലിയിലും മരം വീണു രണ്ടു വീടുകൾ തകർന്നു. മൂവാറ്റുപുഴ തെക്കേക്കരയിൽ അഞ്ചു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കൊച്ചി നഗരത്തിൽ മിക്ക ഇടറോഡുകളും വെള്ളത്തിനടിയിലായി.

തൃശൂർ ചാവക്കാട്ട് കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം മൂലം നൂറോളം വീടുകളിൽ വെള്ളം കയറി. കൊടുങ്ങല്ലൂർ, വാടാനപ്പള്ളി മേഖലകളിലും കടലേറ്റ ഭീഷണിയുണ്ട്. കോഴിക്കോട് പുതിയങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന മൂന്നു കാറുകളും നിർത്തിയിട്ടിരുന്ന കാറും മരം വീണു തകർന്നു. ആറുപേർക്കു പരുക്കുണ്ട്. വടകരയിലുണ്ടായ ചുഴലിക്കാറ്റിൽ രണ്ടുവീടുകൾക്കും ഒരു മുസ്‌ലിം പള്ളിക്കും കേടുപാടുണ്ടായി. കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശമുണ്ട്.

ട്രെയിനുകൾക്കും തടസ്സം

കൊച്ചി∙ കനത്തമഴയിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ വെള്ളം കയറി സിഗ്നൽ സംവിധാനം തകരാറിലായതുമൂലം ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കൊച്ചുവേളി – ബെംഗളൂരു, തിവുനന്തപുരം – ഗുരുവായൂർ ഇന്റർസിറ്റി ട്രെയിനുകൾ വഴിയിൽ പിടിച്ചിട്ടു. കൊട്ടാരക്കരയ്ക്കു സമീപം മൈലം പഞ്ചായത്ത് അതിർത്തിയിൽ ട്രാക്കിൽ മരം വീണ് പുനലൂർ–മധുര ട്രെയിൻ 42 മിനിറ്റ് വൈകി. ലോക്കോ പൈലറ്റ് 500 മീറ്റർ അകലെ ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും എൻജിൻ ശിഖരങ്ങൾക്കു മുകളിലൂടെ കയറിയാണു നിന്നത്. മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.