Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖുർആൻ: തുറന്ന സംവാദത്തിന് തയാറെന്നു കാന്തപുരം

kanthapuram-aboobacker-musaliar

കോഴിക്കോട് ∙ ഖുർആൻ ദുർവ്യാഖാനം ചെയ്യുന്നവരുമായി തുറന്ന സംവാദത്തിനു തയാറാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. ഇസ്‌ലാമിന്റെ പേരുപറഞ്ഞ് ഭീകരത ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ എസ്‌‌വൈഎസ് പ്രത്യേക ക്യാംപെയ്നു തുടക്കമിടുമെന്നും കാന്തപുരം പറഞ്ഞു. ഇസ്‍ലാമിന്റെ പേരിൽ തീവ്രവാദം പ്രചരിപ്പിക്കുന്നവരെ നിരോധിക്കണമെന്നോ നിരോധിക്കേണ്ടെന്നോ പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു സൗകര്യംപോലെ അക്കാര്യം തീരുമാനിക്കാം. നിരോധിച്ചാൽ അവർ പേരുമാറ്റി വീണ്ടും രംഗത്തിറങ്ങുകയാണു പതിവ്. ഇസ്‍‌ലാമിനുവേണ്ടി തെരുവിലിറങ്ങാൻ ആരെയും നിയോഗിച്ചിട്ടില്ല. ഖുർആൻ ദുർവ്യാഖ്യാനം ആരംഭിച്ചതു സലഫികളാണെന്നും തീവ്ര, ഭീകര പ്രവർത്തനങ്ങളുടെ ഉദ്ഭവം സലഫിസത്തിൽനിന്നാണെന്നും അദ്ദേഹം പറഞ്ഞു.

മതത്തിന്റെ പേരുപയോഗിച്ചും മുസ്‌ലിംകൾ നേരിടുന്ന പ്രശ്നങ്ങളെ അത്യന്തം വൈകാരികമായി അവതരിപ്പിച്ചും സമാധാനവും സൗഹൃദവും തകർക്കാൻ ചിലർ ശ്രമിക്കുകയാണ്. ക്യാംപസ് രാഷ്ട്രീയം നിരോധിക്കുന്നതിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. അതേസമയം, സഹപാഠികളെ സ്നേഹിക്കാനുള്ള രാഷ്ട്രീയാവബോധംകൂടി വിദ്യാർഥികൾക്കു ലഭിക്കണമെന്നും കാന്തപുരം പറ‍ഞ്ഞു.