Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലവർഷക്കെടുതി: കേരളത്തിന് സഹായം നൽകാമെന്ന് കേന്ദ്രം

Rajnath Singh

ന്യൂഡൽഹി∙ കാലവർഷക്കെടുതിയിൽ വലയുന്ന കേരളത്തിനു സഹായം ലഭ്യമാക്കാൻ കേന്ദ്രം തയാറാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ശൂന്യവേളയിൽ എംപിമാരായ കെ.സി. വേണുഗോപാൽ, എ. സമ്പത്ത് എന്നിവരാണു ലോക്സഭയിൽ വിഷയം ഉന്നയിച്ചത്. കാലവർഷം മൂലം സംസ്ഥാനത്തെ 14 ജില്ലകളും ദുരിതത്തിലാണെന്നും ഇതുവരെ 90 പേർ കൊല്ലപ്പെട്ടുവെന്നും സമ്പത്ത് അറിയിച്ചു. കാലവർഷത്തിന്റെ ദുരിതം നേരിടുന്ന കേരളത്തിനു കേന്ദ്രം അടിയന്തര സഹായം ലഭ്യമാക്കണമെന്നു വേണുഗോപാൽ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്നും ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം ലഭ്യമാക്കാൻ തയാറാണെന്നും രാജ്നാഥ് മറുപടി നൽകി. കാലവർഷക്കെടുതി സംബന്ധിച്ചു കേന്ദ്രത്തിന്റെ സാമ്പത്തിക സഹായത്തിനായി സംസ്ഥാനം അപേക്ഷ നൽകണം. നാശനഷ്ടങ്ങൾ പരിശോധിക്കാൻ വിദഗ്ധ സംഘം സംസ്ഥാനം സന്ദർശിക്കും. തുടർന്ന് നഷ്ടപരിഹാരം നിശ്ചയിക്കും – രാജ്നാഥ് പറഞ്ഞു.

കാലവർഷത്തെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ മറ്റിടങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു പോയ കുട്ടനാട്ടിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തണമെന്നു കൊടിക്കുന്നിൽ സുരേഷ് ലോക്‌സഭയിൽ ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിനു കര, നാവിക സേനകളുടെ സേവനം ലഭ്യമാക്കണം. കുട്ടനാട് താലൂക്കിലെ 13 പഞ്ചായത്തുകളും വെള്ളത്തിനടിയിലാണ്. കൃഷിനാശം മൂലം കർഷകർ ദുരിതത്തിലായി. പാടശേഖരങ്ങളുടെ പുറം ബണ്ട് നിർമാണത്തിന് 1000 കോടി രൂപയുടെ സഹായം അനുവദിക്കണം. രക്ഷാപ്രവർത്തനത്തിനു സേനയുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു പ്രതിരോധ മന്ത്രി നിർമല സീതാരാമന് അദ്ദേഹം നിവേദനം നൽകി.

related stories