സുദേഷ് കുമാറിന്റെ മകൾ പ‍ഞ്ചാബിലേക്കു പോയി; മൊഴിയെടുപ്പ് മുടങ്ങി

തിരുവനന്തപുരം∙ എഡിജിപി സുദേഷ് കുമാറിന്റെ മകൾ പഞ്ചാബിലേക്കു പോയതോടെ പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ച കേസിൽ അവരുടെ രഹസ്യ മൊഴിയെടുപ്പു മുടങ്ങി. മൊഴി രേഖപ്പെടുത്താൻ മറ്റൊരു തീയതി തേടി ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. ഗവാസ്കറുടെ രഹസ്യമൊഴി ഓഗസ്റ്റ് ഒന്നിനു രേഖപ്പെടുത്തും. സുദേഷിന്റെ മകളുടെ രഹസ്യമൊഴി ചൊവ്വാഴ്ച രേഖപ്പെടുത്താനാണു കോടതി സമയം അനുവദിച്ചിരുന്നത്. ക്രൈംബ്രാഞ്ച് അതനുസരിച്ചു നടപടിയും പൂർത്തിയാക്കി.

വിദ്യാഭ്യാസ സംബന്ധമായി ഒഴിവാക്കാനാവാത്ത അത്യാവശ്യമുണ്ടെന്നും മറ്റൊരു ദിവസം മൊഴിയെടുക്കാൻ തയാറാണെന്നും സുദേഷ് കുമാർ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഇവർ മടങ്ങിയെത്തുന്ന 29 നു ശേഷം സമയം അനുവദിക്കണമെന്നു കാണിച്ചാണു ക്രൈംബ്രാഞ്ച് കോടതിയിൽ വീണ്ടും അപേക്ഷ നൽകിയത്. ഗവാസ്കർക്കു പുറമെ എഡിജിപിയുടെ പഴ്സനൽ സെക്യൂരിറ്റി അംഗം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ പൊലീസ് പരിശീലക എന്നിവരുടെ രഹസ്യമൊഴിയും ഓഗ്സ്റ്റ് ഒന്നിനു രേഖപ്പെടുത്തും.

എഡിജിപിയുടെ മകൾ മർദിച്ചെന്ന പരാതിയിൽ ഗവാസ്കറും ഗവാസ്കർ മോശമായി പെരുമാറിയെന്ന പരാതിയിൽ എഡിജിപിയുടെ മകളും ഉറച്ചുനിൽക്കുന്നതോടെയാണു രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. മാത്രമല്ല, മകൾ രണ്ടു വട്ടം പൊലീസിനോടു മൊഴി മാറ്റി പറഞ്ഞിരുന്നു. ഏതായാലും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണു ക്രൈംബ്രാഞ്ച് തീരുമാനം.