Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂട്ടിക്കിടക്കുന്ന 829 കള്ളുഷാപ്പുകൾ വിൽപനയ്ക്കു വയ്ക്കുന്നു

toddy-shop

കോഴിക്കോട്∙ സംസ്ഥാനത്തു പൂട്ടിക്കിടക്കുന്ന 829 കള്ളുഷാപ്പുകൾ വിൽപനയ്ക്കു വയ്ക്കാൻ സർക്കാർ ഒരുങ്ങുന്നു. പല തവണ വിൽപനയ്ക്കു വച്ചിട്ടും ഏറ്റെടുക്കാൻ ആളില്ലാത്ത ഷാപ്പുകൾ നടത്തിപ്പുകാർക്കു കൈമാറി വരുമാനം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണു നീക്കം. പുതിയ മദ്യശാലകൾ തുറക്കില്ലെന്ന സർക്കാർ നയം നിലനിൽക്കെയാണു ഷാപ്പുകൾ തുറക്കാനുള്ള ശ്രമം.

സംസ്ഥാനത്താകെ 909 ഗ്രൂപ്പുകളിലായി 5,171 കള്ളുഷാപ്പുകളാണുള്ളത്. അവയിൽ 133 ഗ്രൂപ്പുകളിലായി 829 ഷാപ്പുകളാണ് അടഞ്ഞു കിടക്കുന്നത്. ഈ ഷാപ്പുകളുടെ വിൽപനയ്ക്കാണു കളമൊരുങ്ങുന്നത്. അബ്കാരി നയത്തിൽ ഭേദഗതി വരുത്തിയതിനാൽ മുൻപുണ്ടായിരുന്ന തരം ലേലം ഇപ്പോഴില്ല. ഓരോ വർഷത്തേക്കുമുള്ള വിൽപനയാണു നടത്തുക.

വിവിധ ഷാപ്പുകൾ അടങ്ങുന്ന ഓരോ ഗ്രൂപ്പിനും എക്സൈസ് വകുപ്പ് ഒരു വില നിശ്ചയിക്കും. ഒരു ഗ്രൂപ്പിനായി പല അപേക്ഷകരെത്തിയാൽ നറുക്കെടുപ്പിലൂടെ ഏതെങ്കിലുമൊരാൾക്കു ഷാപ്പ് കൈമാറും. 2018–19ലെ അബ്കാരി നയപ്രകാരം ടോഡി ബോർഡ് നിലവിൽ വരുന്നതു വരെ ഷാപ്പുകളുടെ വിൽപന നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, നടപടിക്രമങ്ങൾ വൈകിയതിനാൽ കഴിഞ്ഞ ഏപ്രിൽ ഒന്നിനു വിൽപന നടത്താൻ കഴിഞ്ഞില്ല.

തുടർന്നു നിലവിലെ ലൈസൻസികൾക്കുതന്നെ അടുത്ത വർഷം മാർച്ച് 31 വരെ ലൈസൻസ് ദീർഘിപ്പിച്ചു നൽകി. 4,342 ഷാപ്പുകളുടെ ലൈസൻസാണ് അത്തരത്തിൽ പുതുക്കിയത്.ബാക്കിയുള്ള ഷാപ്പുകളുടെ വിൽപനയാണു നടത്താനുദ്ദേശിക്കുന്നത്.