Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകള്‍ തുറക്കാന്‍ ഫീസില്‍ 50% കിഴിവ്; 800 ഷാപ്പുകള്‍ തുറക്കും

toddy-shop

തിരുവനന്തപുരം ∙ ലേലത്തില്‍ ആരും ഏറ്റെടുക്കാത്ത എണ്ണൂറോളം കള്ളുഷാപ്പുകള്‍ തൊഴിലാളിക്കമ്മിറ്റികളെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. അടഞ്ഞു കിടക്കുന്ന ഷാപ്പുകള്‍ ഏറ്റെടുക്കാന്‍ തയാറാകുന്നവര്‍ക്കു വാടകയിനത്തില്‍ 50% വരെ ഇളവു നല്‍കും. ഇതിന് അനുകൂല പ്രതികരണം ലഭിച്ചില്ലെങ്കില്‍ മാത്രമേ തൊഴിലാളിക്കമ്മിറ്റികളെ ഏല്‍പിക്കൂ. വര്‍ഷം ഒരു ലക്ഷം രൂപയാണ് വാടകയെങ്കില്‍ പകുതിവിലയ്ക്കു ഷാപ്പ് ലഭിക്കും. ആളില്ലെങ്കില്‍ തൊഴിലാളിക്കമ്മിറ്റികള്‍ക്ക് ഒരു വര്‍ഷത്തേക്ക് 500 രൂപയ്ക്കു നല്‍കും. മുന്‍പ് ഷാപ്പ് നടത്തി പരിചയമുള്ളവര്‍ക്കാണു ലേലത്തില്‍ മുന്‍ഗണന.

എണ്ണൂറോളം ഷാപ്പുകള്‍ പുതുതായി തുറക്കുന്ന സാഹചര്യമാണ് സര്‍ക്കാര്‍ നടപടിയിലൂടെ ഉണ്ടാകുന്നതെങ്കിലും എക്സൈസ് ഇതു ശരിവയ്ക്കുന്നില്ല. ഷാപ്പുകള്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത സാഹചര്യമാണെന്നും ലേലത്തില്‍വച്ചാലും മുന്നൂറോളം ഷാപ്പുകള്‍ മാത്രമേ തുറക്കാന്‍ സാധ്യതയുള്ളൂവെന്നും അവര്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ആകെ 5,185 കള്ളുഷാപ്പുകളാണുള്ളത്. ലൈസന്‍സുള്ള 4,234 ഷാപ്പുകളില്‍ 3,913 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സുള്ള ഷാപ്പുകള്‍ക്കു ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്നും റോഡ് വികസനത്തിന്റെ ഭാഗമായുമെല്ലാം പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ഈ ഷാപ്പുകള്‍ക്കു പുറമേ, 5185 ഷാപ്പുകളില്‍ ഇതുവരെ ആരും ലേലം പിടിക്കാനെത്താത്ത ഷാപ്പുകളുണ്ട്. ഇവ തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് എക്സൈസ് തീരുമാനിച്ചിരിക്കുന്നത്. കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലോ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലോ അംഗങ്ങളായവര്‍ക്കാണ് ഷാപ്പു നടത്തിപ്പിന് അധികാരം. അംഗീകൃത തൊഴിലാളിയാണെന്നതിന് രേഖകള്‍ സഹിതം അപേക്ഷ നല്‍കിയാല്‍ എക്സൈസ് പരിശോധന നടത്തി ലൈസന്‍സ് നല്‍കും. ഏറ്റവും കൂടുതല്‍ കള്ളുഷാപ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതു പാലക്കാടാണ്- 761 എണ്ണം. കുറവ് തിരുവനന്തപുരത്ത്- 12 എണ്ണം.

നിലവിലെ നിയമം അനുസരിച്ച് ഒരു കള്ളുഷാപ്പിന് ഏറ്റവും കുറഞ്ഞത് 50 തെങ്ങ് അല്ലെങ്കില്‍ 100 പനയോ 25 ചൂണ്ടപ്പനയോ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. 2016-17 വര്‍ഷത്തില്‍ 5,51,614 തെങ്ങിനും 17,172 പനയ്ക്കും 25,428 ചൂണ്ടപ്പനയ്ക്കും ഷാപ്പുടമകള്‍ വൃക്ഷക്കരം അടച്ചിട്ടുണ്ട്. ഇതില്‍നിന്നു ലഭിക്കാവുന്ന കള്ളിന്റെ അളവ് 10,69,977 ലീറ്ററാണ്. എന്നാല്‍ കേരളത്തില്‍ ലഭിക്കുന്ന യഥാര്‍ഥ കള്ളിന്റെ അളവ് നാലു ലക്ഷം ലീറ്ററില്‍ താഴെയാണെന്ന് അധികൃതര്‍ തന്നെ പറയുന്നു.

തെങ്ങും പനയും ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കള്ളു ഷാപ്പുകള്‍, വൃക്ഷങ്ങള്‍ ഉള്ള സ്ഥലത്ത് റജിസ്റ്റര്‍ െചയ്തു അവിടെനിന്നുള്ള കള്ള് വാഹനങ്ങളില്‍ എത്തിച്ച് വില്‍പന നടത്തുകയാണു ചെയ്യുന്നത്. രാവിലെ ആറു മണിക്കു ശേഖരിക്കുന്ന കള്ള് വൈകുന്നേരം ആറു മണിക്കകം വില്‍പന നടത്തണമെന്നാണ് നിയമം. പാലക്കാട് പോലുള്ള സ്ഥലങ്ങളില്‍നിന്നു തെക്കന്‍ കേരളത്തിലേക്ക് സമയബന്ധിതമായി കള്ള് എത്തിക്കാന്‍ കഴിയാത്തതിനാല്‍ കൃത്രിമം വ്യാപകമാണ്. പുതിയ കള്ളുഷാപ്പുകള്‍ വരുന്നതോടെ ഇതു വര്‍ധിക്കും. ആവശ്യത്തിനു ലാബുകളില്ലാത്തതിനാല്‍ കള്ളിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുമ്പോള്‍ കാലതാമസവും നേരിടുന്നുണ്ട്.

related stories