കേരള ജനതയെ മോദി അപമാനിച്ചു: ചെന്നിത്തല

തിരുവനന്തപുരം∙ കേരളത്തിന്റെ കാതലായ ആവശ്യം ഉന്നയിക്കുന്നതിനെത്തിയ സർവകക്ഷി സംഘത്തിനു മുന്നിൽ രാഷ്ട്രീയം കളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുകയാണു ചെയ്തതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ സംസ്ഥാനത്തെ അവഹേളിച്ചിട്ടില്ല. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിച്ചാണു സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാനെത്തിയത്. പ്രധാനമന്ത്രിയുടെ പാർട്ടിയായ ബിജെപിയുടെ പ്രതിനിധി ഉൾപ്പെടെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികൾ സംഘത്തിൽ ഉണ്ടായിരുന്നു.

അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയാണ്. അദ്ദേഹംകൂടി ഉൾപ്പെട്ട കേന്ദ്രമന്ത്രിസഭയ്ക്കു മുന്നിലേക്കു പരാതിയുമായി സർവകക്ഷി സംഘമെത്തുമ്പോൾ മന്ത്രിയായ കണ്ണന്താനത്തെ സംഘത്തിൽ ഉൾപ്പെടുത്തുന്നതെങ്ങനെ? കേരളത്തിൽനിന്നു സംഘമെത്തുമ്പോൾ മറുപടിക്കായി കണ്ണന്താനത്തെ വിളിക്കേണ്ടിയിരുന്നതു പ്രധാനമന്ത്രിയായിരുന്നു.

അതിനു പകരം യോഗത്തിനുശേഷം പ്രധാനമന്ത്രി കണ്ണന്താനവുമായി ചർച്ച നടത്തിയതും സംഘത്തിനു നൽകാത്ത ഉറപ്പുകൾ നൽകിയതും കണ്ണന്താനം അതു വാർത്താ സമ്മേളനം വിളിച്ചു പ്രഖ്യാപിച്ചതും തരംതാണ രാഷ്ട്രീയക്കളിയായിപ്പോയി. ഒരു പ്രധാനമന്ത്രിക്കു ചേർന്ന നടപടിയല്ല ഇതെന്നു ചെന്നിത്തല പറഞ്ഞു.