Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി മുന്നറിയിപ്പ് വീഴ്ച; ജുഡീഷ്യൽ അന്വേഷണം വേണ്ടെന്ന് സർക്കാർ

Cyclone Ockhi

പത്തനംതിട്ട ∙ ഓഖി ദുരന്ത മുന്നറിയിപ്പിൽ സംസ്ഥാനം വീഴ്ച വരുത്താത്തതുകൊണ്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ലെന്നു സർക്കാർ. കേന്ദ്രത്തിൽ നിന്നു ലഭിച്ച മുന്നറിയിപ്പുകൾ അനുസരിച്ചു സംസ്ഥാനം നടപടി സ്വീകരിച്ചു. മുന്നറിയിപ്പു വൈകിയതു കേന്ദ്രത്തിന്റെ ഭാഗത്താണ്. മുന്നറിയിപ്പ് സന്ദേശങ്ങൾ വാട്സാപ് ഗ്രൂപ്പിലും ഇമെയിലിലും നൽകി പരമാവധി ആളുകളെ അറിയിച്ചതായും സംസ്ഥാനത്തിന്റെ വിശദീകരണം. 2017 നവംബർ 28നു നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ വെബ്സൈറ്റിൽ പതിവു മുന്നറിയിപ്പു മാത്രമാണ് നൽകിയിരുന്നത്. കടലിൽ പോകുന്ന മൽസ്യത്തൊഴിലാളികൾ മുൻകരുതൽ എടുക്കണമെന്നായിരുന്നു ലഭിച്ച സന്ദേശം. ഈ വെബ്സൈറ്റിൽ ഒട്ടുമിക്ക ദിവസവും സമാന സന്ദേശങ്ങൾ ഉള്ളതാണ്. അല്ലാതെ ഒരു ഫാക്സോ, ഇമെയിലോ പ്രത്യേകമായി ലഭിച്ചിരുന്നില്ല. 

കാലവർഷം അധികമായി ലഭിക്കുന്ന സംസ്ഥാനമായതിനാൽ 2.5 – 3.1 മീറ്റർ ഉയരമുള്ള തിരമാലയും മണിക്കൂറിൽ 45 – 65 കിലോമീറ്റർ വേഗമുള്ള കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പും പതിവാണ്. 28, 29 തീയതികളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. ഇന്ത്യൻ ദുരന്തനിവാരണ ചട്ടപ്രകാരം നാലു മുന്നറിയിപ്പുകൾ ദേശീയ കാലാവസ്ഥ വിഭാഗം നൽകണം. ആദ്യത്തേതു ദുരന്തം ഉണ്ടാകുന്നതിനു 72 മണിക്കൂർ മുൻപു ബാധിതരെ അറിയിക്കണം. രണ്ടാമത്തെ മുന്നറിയിപ്പ് 48 മണിക്കൂറിലും മൂന്നാമത്തേതു 24 മണിക്കൂറിലും നാലാമത്തേതു 12 മണിക്കൂറിലും നൽകണം. തീവ്ര ന്യൂനമർദ സമയത്തും കേരളത്തിനു ലഭിച്ച സന്ദേശം മൽസ്യത്തൊഴിലാളികൾ കടലിൽ ജാഗ്രത പാലിക്കണമെന്നു മാത്രമാണ്. ഇത്തരം സന്ദർഭങ്ങളിൽ മൽസ്യബന്ധനം പൂർണമായി നിരോധിച്ചെന്ന സന്ദേശമാണു ലഭിക്കേണ്ടിയിരുന്നത്. ജാഗ്രത പാലിക്കണമെന്നു പറയുന്നതും പോകരുതെന്നും പറയുന്നതും രണ്ടും രണ്ടാണെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. 

ദേശീയ ദുരന്തനിവാരണ ചട്ടത്തിൽ പറഞ്ഞിരിക്കുന്നതിൽ അപ്പുറമായി സംസ്ഥാനത്തിനു പ്രവർത്തിക്കാൻ കഴിയില്ല. ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് നവംബർ 29ന് ഉച്ചയ്ക്കു 2.30നു പുറത്തിറക്കിയ നിർദേശങ്ങൾ മാധ്യമപ്രവർത്തകർ ഉൾപ്പെടുന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ നൽകിയിരുന്നു. കനത്ത മഴയുടെയും കടൽക്ഷോഭത്തിന്റെയും വിവരങ്ങളും വാട്സാപ് ഗ്രൂപ്പിൽ നൽകി. ഇന്നത്തെ പരിപാടി പ്ലാറ്റിനം എന്ന വലിയ വാട്സാപ് ഗ്രൂപ്പിലും ഇതേ വിവരങ്ങൾ നൽകി. രണ്ടു പ്രധാന പത്രങ്ങൾ ഈ വിവരം 30നു വാർത്തയായി നൽകുകയും ചെയ്തു. ഒരു വിവരവും സംസ്ഥാനം മറച്ചുവച്ചില്ല. എല്ലാ വിവരങ്ങളും മാധ്യമങ്ങൾക്കു നൽകുകയും ചെയ്തു. കാറ്റ് ശക്തിപ്രാപിക്കുമെന്നു സന്ദേശം ലഭിച്ച 29ന് എല്ലാ ജില്ലകൾക്കും മുൻകരുതൽ നിർദേശം ഇമെയിൽ, എസ്എംഎസ്, വാട്സാപ് സന്ദേശങ്ങളായി നൽകി.

ചുഴലിക്കാറ്റ് സംബന്ധിച്ച് ഓറഞ്ച് മുന്നറിയിപ്പു ലഭിച്ച 30ന് ഉച്ചയ്ക്കു 12നു തന്നെ ശബരിമല തീർഥാടകർ, മൽസ്യത്തൊഴിലാളികൾ, വിനോദസഞ്ചാരികൾ എന്നിവർക്കു മുന്നറിയിപ്പും നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ദുരന്തനിവാരണ അതോറിറ്റി യോഗം ചേരുകയും കേന്ദ്ര സഹായത്തിനായി അഭ്യർഥിക്കുകയും ചെയ്തു. ദേശീയ കാലാവസ്ഥ കേന്ദ്രം ദുരന്തത്തിനു പേരിടുകയും ഓറഞ്ച് മുന്നറിയിപ്പു നൽകുകയും ചെയ്തത് നവംബർ 30നു 12 മണിക്കു മാത്രമാണ്. സുരക്ഷവീഴ്ചകൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു ലോക്താന്ത്രിക് യുവജനത ദേശീയ പ്രസിഡന്റ് സലീം മടവൂർ നൽകിയ അപേക്ഷയ്ക്കാണു സംസ്ഥാന സർക്കാർ മറുപടി നൽകിയത്.

related stories