Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ഉപദ്രവിച്ച കേസ്: വനിതാ ജഡ്ജി വേണമെന്നു സർക്കാർ ഹൈക്കോടതിയിൽ

Dileep

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിന്റെ പ്രത്യേക സാഹചര്യം മാനിച്ച് വനിതാ ജഡ്ജി നയിക്കുന്ന പ്രത്യേക കോടതി അനുവദിക്കേണ്ടതാണെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ ‘സെൻസേഷനൽ’ സ്വഭാവവും മാധ്യമചർച്ചകളും ഇതുമായി ബന്ധപ്പെട്ടു പലവിധ ഹർജികൾ വരുന്നതും പരിഗണിച്ച് വിചാരണ എത്രയും പെട്ടെന്നു തീർക്കണം. ഒരു വർഷത്തേക്കോ വിചാരണ പൂർത്തിയാകുന്നതുവരെയോ പ്രത്യേക കോടതി വേണമെന്ന് ആഭ്യന്തര അഡീഷനൽ സെക്രട്ടറി വിലാസചന്ദ്രൻ നായർ അറിയിച്ചു.

വനിതാ ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക കോടതി വേണമെന്ന് ആവശ്യപ്പെട്ട് നടി സമർപ്പിച്ച ഹർജിയാണു കോടതിയിൽ. രഹസ്യ വിചാരണയും വനിതാ ജ‍ഡ്ജിയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടി നേരത്തേ നിവേദനം നൽകിയതായി സർക്കാർ അറിയിച്ചു. കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചും വേഗം നീതി ലഭ്യമാക്കേണ്ടതിനാലും ഈയാവശ്യം ഉചിതമായ തീരുമാനത്തിനായി ഹൈക്കോടതി റജിസ്ട്രാർ ജനറലിനു വിട്ടു. നടപടി വേഗത്തിലാക്കാൻ കേസ് പരിഗണിക്കുന്ന പ്രിൻസിപ്പൽ സെഷൻസ് കോടതിയോടു നിർദേശിച്ചിട്ടുണ്ടെന്നു ഹൈക്കോടതി റജിസ്ട്രാർ ജനറൽ കത്തിലൂടെ അറിയിച്ചു.

നടി ഹൈക്കോടതിയിൽ ഉന്നയിച്ച ഈയാവശ്യത്തിൽ തങ്ങൾക്ക് അനുകൂല നിലപാടാണുള്ളതെന്നു സർക്കാർ വ്യക്തമാക്കി. സർക്കാരിന്റെ നിലപാട് ഹൈക്കോടതി ഭരണവിഭാഗത്തെ അറിയിക്കാൻ കോടതി നിർദേശിച്ചു. കേസ് അടുത്ത മാസം പരിഗണിക്കും. ഇതിനിടെ, നടിയെ ഉപദ്രവിച്ച കേസിൽ അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപ് സമർപ്പിച്ച ഹർജിയും അടുത്ത മാസം ആദ്യം പരിഗണിക്കും.

related stories