Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞം തുറമുഖക്കരാർ: ജുഡീഷ്യൽ പരിശോധന നീട്ടേണ്ടെന്ന് കമ്മിഷൻ

Vizhinjam-port

കൊച്ചി ∙ വിഴിഞ്ഞം തുറമുഖ നിർമാണക്കരാർ സംബന്ധിച്ച ജുഡീഷ്യൽ പരിശോധന ഇനി നീട്ടേണ്ടതില്ലെന്നു കമ്മിഷൻ. കരാർ സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കിയതായി സർക്കാർ അഭിഭാഷകൻ വ്യക്തമാക്കിയതോടെ നാളെ സിറ്റിങ് അവസാനിപ്പിക്കാൻ കമ്മിഷൻ തീരുമാനിച്ചു. അതിനുശേഷം റിപ്പോർട്ട് തയാറാക്കുന്നതിലേക്കു കടക്കും. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിന്റെ ആധികാരികത ഉൾപ്പെടെ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷൻ പരിശോധിക്കുന്നുണ്ട്.

കമ്മിഷന്റെ കണ്ടെത്തലുകൾ ഉൾപ്പെടെയാകും നിയമസഭയുടെ അംഗീകാരത്തിനായി സിഎജി റിപ്പോർട്ട് സർക്കാർ സമർപ്പിക്കുക. കമ്മിഷനിലെ വാദങ്ങൾ നീട്ടാനുള്ള ശ്രമം അധ്യക്ഷൻ അനുവദിച്ചില്ല. ടേംസ് ഒഫ് റഫറൻസ് പുതുക്കി നിശ്ചയിച്ചുള്ള സർക്കാർ വിജ്ഞാപനത്തിന്റെ പകർപ്പു ലഭിച്ചിട്ടില്ലെന്നും പുതിയ സാഹചര്യത്തിൽ വാദത്തിനായി കൂടുതൽ സമയം അനുവദിക്കണമെന്നുമുള്ള ജോസഫ് വിജയന്റെ അഭ്യർഥന കമ്മിഷൻ തള്ളി. കമ്മിഷന്റെ ചില ചോദ്യങ്ങൾക്ക് വിശദീകരണം നൽകുന്നതിനായി കമ്പനി പ്രതിനിധി കൂടുതൽ സമയം ചോദിച്ചതിനാലാണ് അന്തിമ സിറ്റിങ് നാളത്തേക്കു മാറ്റിയത്.

വിഴിഞ്ഞം കരാർ സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കിയെന്നും ഇനി കമ്മിഷനു യുക്തമായ തീരുമാനമെടുക്കാമെന്നും സർക്കാർ അഭിഭാഷകനായ ശ്രീകൃഷ്ണ അറിയിച്ചു. അതേസമയം, സിഎജിയെ കമ്മിഷനിലേക്കു വിളിച്ചുവരുത്താൻ ഉദ്ദേശ്യമില്ലെന്ന് അധ്യക്ഷൻ വ്യക്തമാക്കി. പദ്ധതിക്കു വേണ്ടിയുള്ള മുഴുവൻ ഫണ്ടും സർക്കാർ വകയാണ്. അദാനി നടത്തിപ്പ് ഏജൻസി മാത്രമാണ്. ഈ പശ്ചാത്തലത്തിൽ ഇതു പബ്ലിക് സെക്ടർ ഓഡിറ്റ് വിഭാഗത്തിൽ പെടുന്നതെങ്ങനെയെന്നു കമ്മിഷൻ സംശയമുന്നയിച്ചു. പൊതുസ്വകാര്യ പങ്കാളിത്തമായതിനാൽ ഇതു സിഎജിക്കു പരിശോധിക്കാമെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.

ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ കൂട്ടായ തീരുമാനത്തിലൂടെയാണു പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഇതിൽ ഒരു വ്യക്തിക്കെതിരെ അഴിമതി ആരോപിക്കാൻ കഴിയില്ല. അതേസമയം, ചർച്ചകളുടെ തുടക്കം മുതൽ മുൻ സർക്കാർ അദാനിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും ഗജേന്ദ്ര ഹാൽദിയ ഉൾപ്പെടെയുള്ളവർ അതിനു കൂട്ടുനിന്നുവെന്നും വിഎസ് സർക്കാരിന്റെ ഐടി ഉപദേഷ്‌ടാവായിരുന്ന ജോസഫ് മാത്യു ആരോപിച്ചു. പദ്ധതിച്ചെലവു കണക്കാക്കിയതിൽ ഉൾപ്പെടെ കള്ളക്കളികൾ നടന്നതായും അദ്ദേഹം ആരോപിച്ചു.