Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള എക്സ്പ്രസിന്റെ എൽഎച്ച്ബി കോച്ചുകൾ തുരുമ്പിക്കാനിട്ട് കൊമേഴ്സ്യൽ വിഭാഗം

kerala-express-train-coach-checking

കൊച്ചി ∙ തിരുവനന്തപുരം–ന്യൂഡൽഹി കേരള എക്സ്പ്രസിനുവേണ്ടി എത്തിച്ച ആധുനിക എൽഎച്ച്ബി കോച്ചുകൾ വെറുതെ കിടന്നു നശിക്കുന്നു. റെയിൽവേ കൊമേഴ്സ്യൽ വിഭാഗത്തിന്റെ എതിർപ്പുമൂലമാണു പുതിയ കോച്ചുകൾ ഉപയോഗിക്കാൻ വൈകുന്നത്. ഈ മാസം നാലിനാണ് ആദ്യ സെറ്റ് കോച്ചുകൾ (റേക്ക്) കേരളത്തിലെത്തിയത്. ആകെ 54 കോച്ചുകളാണ് ഇതുവരെ വന്നത്. ഒരു റേക്ക് കായംകുളത്തും ബാക്കി രണ്ട് എണ്ണം ഇടപ്പള്ളിയിലുമുണ്ട്. 24 കോച്ചുകൾ വീതമുള്ള ആറു ട്രെയിനുകളാണു കേരളയായി ഇപ്പോൾ സർവീസ് നടത്തുന്നത്.

വേഗം കൂടിയതും സുരക്ഷിതവുമായ എൽഎച്ച്ബി കോച്ചുകളിൽ സീറ്റുകളുടെ എണ്ണം കൂടുതലായതിനാൽ 22 കോച്ചുകൾ വീതമായിരിക്കും ട്രെയിനിലുണ്ടാകുക. ലഭിച്ച കോച്ചുകൾകൊണ്ടു കേരളയുടെ രണ്ടു േറക്കുകൾ എൽഎച്ച്ബി ആക്കാം. ബാക്കി കോച്ചുകൾ ലഭിക്കുന്ന മുറയ്ക്ക് ഒരു മാസത്തിനുള്ളിൽ കേരള എക്സ്പ്രസ് പൂർണമായും എൽഎച്ച്ബിയിലേക്കു മാറ്റാൻ കഴിയും. എന്നാൽ, പാൻട്രി കാർ കോച്ചില്ലെന്ന കാരണം നിരത്തി കേരള എൽഎച്ച്ബി ആക്കുന്നതു കൊമേഴ്സ്യൽ വിഭാഗം എതിര്‍ക്കുകയാണ്. ആറു പാൻട്രി കാർ കോച്ചുകൾ നിർമിക്കാൻ മൂന്നു മാസം വേണ്ടിവരും.

അത്രയും കാലം കോച്ചുകൾ വെറുതേയിടുന്നതു റെയിൽവേക്കു കോടികളുടെ നഷ്ടമുണ്ടാക്കും. കയ്യിലുള്ള കോച്ചുകൾ മറ്റ് ഏതെങ്കിലും ട്രെയിനുകൾക്കു നൽകിയാൽ കേരള എക്സ്പ്രസിനു എൽഎച്ച്ബി കോച്ചുകൾ ലഭിക്കാനുള്ള സാധ്യത മങ്ങും. പാൻ‍ട്രികാർ ഇല്ലാതെ ഓടുന്നത് യാത്രക്കാർക്കു താൽക്കാലിക ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും പാൻട്രി ഇല്ലെന്ന വിവരം യാത്രക്കാരെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കാനും വഴിയോര സ്റ്റേഷനുകളിൽ ഭക്ഷണം ഏർപ്പെടുത്താനും കൊമേഴ്സ്യൽ വിഭാഗത്തിനു കഴിയും.

പാൻട്രി ഇല്ലാതെ ഓടുന്നതു പരാതിക്കിടയാക്കുന്നതോടെ ഈ കോച്ചുകൾ വേഗം ലഭ്യമാക്കാനും റെയിൽവേയ്ക്കുമേൽ സമ്മർദം ഏറും. കോച്ചുകൾ വെറുതെയിടുന്നതിനോടു ഓപ്പറേറ്റിങ് വിഭാഗത്തിനും യോജിപ്പില്ല. അവ നഷ്ടപ്പെടാൻ അതിടയാക്കുമെന്നാണു കേരളത്തിന്റെ മുൻ അനുഭവം. തിരുവനന്തപുരം–നിസാമുദ്ദീൻ, തിരുവനന്തപുരം–ബെംഗളൂരു ട്രെയിനുകൾക്ക് എത്തിച്ച രണ്ടു എൽഎച്ച്ബി റേക്കുകൾ ഏറെനാൾ കൊല്ലത്തു നിർത്തിയിട്ടശേഷം ചെന്നൈയിലേക്കു കടത്തിയതു കേരളത്തിലെ ട്രെയിൻ യാത്രക്കാർ മറന്നിട്ടില്ല.

related stories