സർക്കാർ നൽകിയത് ഒരേ ഭൂമി: ഗെയിലും ഐഐടിയും നേർക്കുനേർ

പാലക്കാട് പുതുശേരി വെസ്റ്റിലുള്ള ഐഐടി ക്യാംപസ് ഭൂമിയുടെ രൂപരേഖ. നടുവിൽ രേഖപ്പെടുത്തിയ സ്ഥലത്തുകൂടിയാണു വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്.

പാലക്കാട്∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്കും(ഐഐടി) ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കും സംസ്ഥാനം ഏറ്റെടുത്തു നൽകിയത് ഒരേ ഭൂമി. ഇക്കാര്യത്തിൽ സർക്കാരിനു സംഭവിച്ചത് ഗുരുതര വീഴ്ച. വാതക പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കിയാൽ കേന്ദ്ര സർക്കാർ അംഗീകരിച്ച 3800 കേ‍ാടി രൂപയുടെ ഐഐടി ക്യാംപസ് രണ്ടായി വിഭജിക്കപ്പെടും. പ്രധാന കെട്ടിടം രണ്ടു ഭാഗത്തായി നിർമിക്കേണ്ട അവസ്ഥയാകുമെന്ന് അധികൃതർ.

പദ്ധതികൾക്ക് തടസങ്ങളില്ലാത്ത ഭൂമി നൽകണമെന്ന കേന്ദ്രത്തിന്റെ കർശന വ്യവസ്ഥയുള്ളപ്പോഴാണ് പ്രതിസന്ധി. ക്യാംപസിന്റെ ഏതാണ്ട് മധ്യത്തിലൂടെയാണ് പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടത്. നിയമമനുസരിച്ചു പദ്ധതി സ്ഥലത്ത് മറ്റൊരു നിർമാണം അനുവദിക്കില്ലെന്നു ഗെയിൽ അധികൃതർ പറയുമ്പേ‍ാൾ ക്യാംപസ് രണ്ടാക്കി പദ്ധതിയുമായി മുന്നേ‍ാട്ടുപേ‍ാകാനാകില്ലെന്നു ഐഐടിയും വ്യക്തമാക്കുന്നു. പ്രശ്നത്തിൽ ഗെയിലും ഐഐടിയും നേർക്കുനേർ വന്നതേ‍ാടെ തുടർ നടപടി സ്തംഭിക്കാനാണ് സാധ്യത.

രണ്ടു വർഷം മുൻപുതന്നെ കത്തു നൽകി പ്രശ്നം സംസ്ഥാനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി ഐഐടി അധികൃതർ പറഞ്ഞു. ഗെയിൽ പദ്ധതി സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്ന സമയമായതുകെ‍ാണ്ടാകാം കത്തിന്മേൽ നടപടിയുണ്ടായില്ല.

മൂന്നു പതിറ്റാണ്ടിന്റെ മുറവിളിക്കുശേഷം സംസ്ഥാനത്തിനു ലഭിച്ച ഐഐടിക്കായി കഞ്ചിക്കേ‍ാട് പുതുശ്ശേരി വെസ്റ്റ് വില്ലേജിൽ വിദഗ്ധസംഘം കണ്ടെത്തിയ 504 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 2016ലാണ് വിജ്ഞാപനമിറക്കിയത്. എന്നാൽ ഈ പ്രദേശത്തുകൂടി ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ 2013ൽ വിജ്ഞാപനമിറക്കിയ കാര്യം സ്ഥല പരിശേ‍ാധയ്ക്കെത്തിയ മാനവശേഷി മന്ത്രാലയ സംഘത്തെ അറിയിച്ചില്ലെന്നാണ് ആരേ‍ാപണം. തുടർ നടപടികൾക്കായി ഐഐടി പിന്നീട് ഭൂമി രേഖകൾ പരിശോധിച്ചപ്പോഴാണ് പൈപ്പ് ലൈൻ ശ്രദ്ധയിൽപെട്ടത്. 

പദ്ധതിയുടെ രണ്ടാംഘട്ടമായാണ് കൂറ്റനാടുനിന്നു വാളയാർ വരെ പൈപ്പുകൾ സ്ഥാപിക്കുന്നത്. ഐഐടി ക്യാംപസ് നിർമാണത്തിന്റെ ആദ്യഘട്ടത്തിന് 1300 കേ‍ാടി രൂപ അനുവദിച്ചിട്ടുണ്ട്. സ്ഥലത്ത് ട്രാൻസിറ്റ് ക്യാംപസ് നിർമാണം നടക്കുകയാണ്. സ്ഥിരം ക്യാംപസിന് അടുത്തമാസം തറക്കല്ലിടാൻ നീക്കം നടക്കുന്നതിനിടെയാണ് സ്ഥലം സംബന്ധിച്ച പ്രതിസന്ധി.