രൂപരേഖ മാറ്റാനാകില്ലെന്ന് ഗെയ്‌ലും ഐഐടിയും

പാലക്കാട് ∙ ഐഐടിക്കും ഗെയ്‌ൽ പൈപ്പ്‌ലൈൻ പദ്ധതിക്കും ഒരേ ഭൂമി അനുവദിച്ച പ്രശ്നത്തിൽ രൂപരേഖ മാറ്റാനാകില്ലെന്ന നിലപാടിൽ ഇരുകൂട്ടരും ഉറച്ചുനിൽക്കുന്നു. ഭൂമി സംബന്ധിച്ചുണ്ടാക്കിയ പ്രാഥമിക ധാരണ ഗെയ്‌ൽ തെറ്റിച്ചതാണ് പ്രശ്നം സങ്കീർണമാക്കിയതെന്ന് ഐഐടി അധികൃതർ പറയുന്നു.

എന്നാൽ, പദ്ധതിക്കു തടസ്സമില്ലെന്നും സൈനികഭൂമിയിലൂടെ പോലും വാതക പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെന്നും ഗെയ്‌ൽ പറയുന്നു. പുതുശേരി വെസ്റ്റിൽ ഐഐടിക്കു വേണ്ടി ഏറ്റെടുത്ത 504 ഏക്കർ ഭൂമിയിൽ പ്രധാന കെട്ടിടത്തിന്റെ മധ്യത്തിലൂടെയാണു ഗെയ്‌ൽ വാതക പൈപ്പ്‌ലൈനിനും സ്ഥലം അനുവദിച്ചിട്ടുള്ളത്.

പ്രശ്നം ജില്ലാതലത്തിൽ പരിഹരിക്കാനായിരുന്നു ശ്രമമെങ്കിലും അനുവദിച്ച സ്ഥലത്തു തന്നെ പൈപ്പിടുമെന്നും തടസ്സപ്പെടുത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ചു ഗെയ്‌ൽ ഈ മാസം ആദ്യം ഐഐടി ഡയറക്ടർക്കു കത്തയച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. വൈകിയാണ് ഇക്കാര്യം അറിഞ്ഞതെന്ന് ഐഐടി അധികൃതർ പറയുന്നു. 3800 കേ‍ാടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ക്യാംപസിന്റെ രൂപരേഖ അംഗീകരിച്ചതിനാൽ ഇനി മാറ്റം അസാധ്യമാണ്.

അതേസമയം, പൈപ്പിനു മുകളിൽ നിർമാണം അനുവദിക്കില്ലെന്നാണ് വ്യവസ്ഥ. പ്രശ്നത്തെക്കുറിച്ചുള്ള     മനേ‍ാരമ റിപ്പേ‍ാർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തര പരിഹാരം കാണാൻ ജില്ലാ അധികൃതർ നീക്കം തുടങ്ങി. അടുത്ത ദിവസം ഇതുസംബന്ധിച്ചു യേ‍ാഗം വിളിക്കുമെന്ന് കലക്ടർ ഡി.ബാലമുരളി അറിയിച്ചു. പ്രശ്നം ഗൗരവമായി പരിശേ‍ാധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസ് പറഞ്ഞു.