Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോച്ച് ഫാക്ടറി: ഐക്യമാർഗം കാണാതെ ഇടത്തും വലത്തും

udf-ldf

ന്യൂഡൽഹി ∙ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കുവേണ്ടി പാർലമെന്റ് വളപ്പിൽ ധർണ നടത്തുന്ന കാര്യത്തിലുണ്ടായ ആശയക്കുഴപ്പത്തിൽ എൽഡിഎഫ്– യുഡിഎഫ് എംപിമാർ തമ്മിൽ വാക്കുതർക്കം. ആശയക്കുഴപ്പത്തെ തുടർന്ന് എൽഡിഎഫ് എംപിമാർ ഒറ്റയ്ക്കു ധർണ നടത്തി. തങ്ങളെ അറിയിച്ചില്ലെന്നു കുറ്റപ്പെടുത്തിയ യുഡിഎഫ് എംപിമാർ വിട്ടുനിന്നു. 

ധർണയ്ക്കു പിന്നാലെ ഇരുപക്ഷവും പഴിചാരി രംഗത്തുവന്നു. ധർണ നടത്താൻ സ്വന്തം നിലയിൽ തീരുമാനിച്ച എൽഡിഎഫ് അക്കാര്യം തങ്ങളെ ശരിയായവിധം അറിയിച്ചില്ലെന്നു കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു. പാലക്കാട്ട് ഡിവൈഎഫ്ഐ നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് എൽഡിഎഫ് ധർണ നടത്താൻ തീരുമാനിച്ചത്. 

ധാരണയിലെത്തി: എൽഡിഎഫ്

കൊടിക്കുന്നിലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നു ലോക്സഭയിലെ സിപിഎം നേതാവ് പി.കരുണാകരൻ പറഞ്ഞു. ഒന്നിച്ചു ധർണ നടത്തുന്ന കാര്യം ചൊവ്വാഴ്ച കെ.സി.വേണുഗോപാലുമായി സഭയിൽ ചർച്ച നടത്തിയിരുന്നു. തുടർന്ന് എം.ബി.രാജേഷും വേണുഗോപാലുമായി സംസാരിച്ചു ധാരണയിലെത്തി. കേരളത്തിലെ വിഷയങ്ങൾ യോജിച്ച് ഉന്നയിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന എംപിമാരുടെ യോഗത്തിൽ നേരത്തേ തീരുമാനിച്ചതാണ്. 

ധാരണയില്ല: യുഡിഎഫ്

വിഷയത്തിൽ ഒരുതരത്തിലുള്ള ധാരണയുമുണ്ടായില്ലെന്നു കോൺഗ്രസ് ഡപ്യൂട്ടി ചീഫ് വിപ്പ് കെ.സി.വേണുഗോപാൽ പറഞ്ഞു. കഞ്ചിക്കോടിനൊപ്പം കാലവർഷക്കെടുതിയും ഉന്നയിക്കണമെന്ന് എൽഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അനുകൂല മറുപടി ലഭിച്ചില്ല. പാലക്കാട്ട് ഡിവൈഎഫ്ഐയുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് എൽഡിഎഫിന്റെ ധർണയെന്നു മനസ്സിലാക്കിയപ്പോൾ വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. 

യുഡിഎഫ് ധർണ ഇന്ന്

കഞ്ചിക്കോട് കോച്ച് ഫാക്ടറി, കാലവർഷക്കെടുതി, കടലാക്രമണം, റബർ പ്രതിസന്ധി എന്നീ വിഷയങ്ങൾ ഉന്നയിച്ചു യുഡിഎഫ് എംപിമാർ ഇന്ന് 10.30നു പാർലമെന്റിനു മുന്നിൽ ധർണ നടത്തും.