എല്ലാ സർക്കാർ വകുപ്പുകളിലും ഐടി സെൽ

തിരുവനന്തപുരം ∙ എല്ലാ സർക്കാർ വകുപ്പുകളിലും പൊതുമേഖല, തദ്ദേശ സ്ഥാപനങ്ങളിലും വിവര സാങ്കേതിക (ഐടി) വിഭാഗം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. പുതിയ തസ്തിക സൃഷ്ടിക്കാതെ നിലവിലുള്ള ജീവനക്കാരിൽ നിന്നു മൂന്നു മുതൽ ആറു പേരെ വരെ തിരഞ്ഞെടുത്താണ് ഐടി സെല്ലിനു രൂപം നൽകുക.

വകുപ്പിനു കീഴിലെ എല്ലാ ഇ-ഗവേണൻസ് പ്രവർത്തനങ്ങൾക്കും ഇനി നേതൃത്വം നൽകുക ഇൗ സംഘമാവും ‌ സെല്ലിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥൻ മാനേജരായി പ്രവർത്തിക്കും. ഡപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയവരാണ് ബാക്കിയുള്ളവർ. എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഐടി നെറ്റ്‌വർക്കിങ്, സൈബർ സെക്യൂരിറ്റി എന്നിവയിൽ ബിരുദം നേടിയവരെയാണു സെല്ലിലേക്കു പരിഗണിക്കുക.

തോന്നുംപടി സംഘത്തിലേക്കു തിരഞ്ഞെടുപ്പു നടത്താതെ അർപ്പണ ബോധവും കഴിവും കൂടി തിരഞ്ഞെടുപ്പിനു മാനദണ്ഡമാക്കണമെന്ന് ഐടി സെക്രട്ടറി വകുപ്പു മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പുകൾ രൂപീകരിക്കുന്ന സമിതിക്ക് ഐടി വകുപ്പാണ് അംഗീകാരം നൽകുക. വകുപ്പിന്റെ ആവശ്യങ്ങൾ കണക്കിലെടുത്തു പുതിയ ഇ-ഗവേണൻസ് പദ്ധതികൾ ആവിഷ്കരിക്കുക, വകുപ്പിലെ ജീവനക്കാർ ഐടി അധിഷ്ഠിത പ്രവർത്തനങ്ങൾക്കു പരിശീലനം നൽകുക, അടിക്കടി സോഫ്റ്റ്‌വെയർ/ ഹാർഡ്‌വെയർ ഓഡിറ്റ് നടത്തുക, ഐടി ഉപകരണങ്ങൾ തിരഞ്ഞെടുക്കുന്നതിനും വാങ്ങുന്നതിനും നേതൃത്വം നൽകുക എന്നിവയാണ് സെല്ലിന്റെ പ്രധാന ചുമതലകൾ. ഓരോ വകുപ്പും നിസാര കാര്യങ്ങൾക്കു പോലും ഐടി വകുപ്പിനെയും ഐടി മിഷനെയും ആശ്രയിക്കുന്ന ഇപ്പോഴത്തെ രീതിക്ക് ഇതോടെ അവസാനമാകുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ..