Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതകൾ പറഞ്ഞത് വാസ്തവം, ചർച്ച തുടരും: മോഹൻലാൽ

കൊച്ചി ∙ ‘അമ്മ’യിലെ വനിത അംഗങ്ങൾ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ വാസ്തവമെന്നു പ്രസിഡന്റ് മോഹൻലാൽ. രേവതി, പത്മപ്രിയ, പാർവതി എന്നിവരുമായി നിർവാഹക സമിതിയോഗത്തിൽ നടത്തിയ ചർച്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് പരമാവധി ശ്രമിക്കുന്നത്. അതു സാധിച്ചില്ലെങ്കിൽ പ്രസിഡന്റ് പദം രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ അംഗങ്ങൾ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളിൽ ചർച്ച പൂർത്തിയായില്ല. ചർച്ച തുടരാനും ഇവരുടെ അഭിപ്രായം രേഖപ്പെടുത്താനും ജനറൽബോഡി വിളിക്കും. ഡബ്ല്യുസിസി അംഗങ്ങളായല്ല തങ്ങൾ ചർച്ചയിൽ പങ്കെടുത്തതെന്ന് മൂന്നു നടിമാരും പ്രതികരിച്ചു. നിർവാഹക സമിതിയംഗം കെ.ബി. ഗണേഷ്കുമാർ യോഗത്തിൽ പങ്കെടുത്തില്ല.

 ഭരണഘടന പരിഷ്കരിക്കും

അമ്മ ഭരണഘടനയിലെ പിഴവുകൾ പരിഹരിക്കാൻ പുതിയ ഭരണഘടന തയാറാക്കാൻ കമ്മിറ്റിക്കു രൂപം നൽകും. നിയമവിദഗ്ധരും അമ്മയിലെ നിയമ പരിജ്ഞാനമുള്ളവരും ഉൾപ്പെടുന്ന കമ്മിറ്റി ഭരണഘടന തയാറാക്കും. ഇതിൽ ജോയ് മാത്യുവും ഉൾപ്പെടും. ദിലീപ് വിഷയമുൾപ്പെടെ പൊതുസമൂഹത്തിനു മുന്നിൽ അമ്മ അപഹാസ്യമാകാൻ കാരണം ഭരണഘടനയിലെ പോരായ്മയാണെന്നു ജോയ് മാത്യു ചൂണ്ടിക്കാട്ടിയിരുന്നു. അടുത്ത കാലത്ത് ഉയർന്ന മുഴുവൻ വിഷയങ്ങളും ചർച്ച ചെയ്യാനും രഹസ്യ വോട്ടെടുപ്പിലൂടെ തീരുമാനങ്ങൾ കൈക്കൊള്ളാനുമായി മൂന്നാഴ്ചയ്ക്കുള്ളിൽ അസാധാരണ ജനറൽ ബോഡി വിളിക്കും.

നിർണായകമാകുമെന്ന് കരുതിയ നിർവാഹക സമിതിയോഗത്തിൽ സുപ്രധാന തീരുമാനങ്ങളൊന്നുമുണ്ടായില്ല. നടിയെ ഉപദ്രവിച്ച കേസിൽ കക്ഷിചേരാൻ അമ്മ ഭാരവാഹികൾ ‍നടത്തിയ ശ്രമം, നടൻ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം എന്നീ വിഷയങ്ങളിലൊന്നും ഇന്നലത്തെ യോഗത്തിൽ അഭിപ്രായമുണ്ടായില്ല. അതേസമയം, ഡബ്ല്യുസിസിയെ അപ്രസക്തമാക്കും വിധമാണ് അമ്മയുടെ നടപടികളെന്നും വ്യക്തമാകുന്നുണ്ട്. യോഗത്തിൽ പങ്കെടുക്കാനെത്തിയ നടിമാർ തങ്ങൾ പങ്കെടുത്തത് അമ്മ അംഗങ്ങളെന്ന നിലയിലാണെന്നു പറഞ്ഞത് ദുരൂഹമായി.