മോമോ ഗെയിം: പേ‍ടിക്കേണ്ട, രക്ഷിതാക്കൾ ശ്രദ്ധിക്കണം; വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി

മോമോ ചാലഞ്ച് സംബന്ധിച്ച് കേരളാ പൊലീസ് ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ പ്രസിദ്ധീകരിച്ച ചിത്രം

തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിലൂടെ ഭീതി പടർത്തി വൈറലായ മോമോ ഗെയിം സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾക്കെതിരെ പൊലീസ്. ഇതു സംബന്ധിച്ച ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും നിലവിൽ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും സൈബർ ഡോം നോഡൽ ഓഫിസർ ഐജി: മനോജ് ഏബ്രഹാം അറിയിച്ചു.

കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. മേലിലും അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനു രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണം. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ  പൊലീസ് സ്റ്റേഷനിലോ, ജില്ലാ സൈബർ സെല്ലിലോ, കേരള പൊലീസ് സൈബർഡോമിലോ അറിയിക്കണം.

അതേസമയം, നിലവിലെ സാഹചര്യം മുതലെടുത്തു സാമൂഹികവിരുദ്ധർ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നുണ്ട്. വ്യാജ നമ്പരിൽനിന്നു മോമോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയയ്ക്കുകയാണിവർ. ഇവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നു മനോജ് ഏബ്രഹാം മുന്നറിയിപ്പ് നൽകി

എന്താണു മോമോ  ചാലഞ്ച്?

കുപ്രസിദ്ധമായ ബ്ലൂവെയ്ൽ ചാലഞ്ചിനുശേഷം സൈബർ ലോകത്തു ഭീതിപരത്തുകയാണു മോമോ. സമൂഹമാധ്യമങ്ങളിലും വാട്സാപ്പിലും പ്രചാരം നേടിയെന്നു വിശ്വസിക്കുന്ന ഈ ചാലഞ്ച് ഫെയ്സ്ബുക്കിലാണു തുടങ്ങിയതെന്നു ബ്രിട്ടനിലെ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഭീതി തോന്നുന്ന തരത്തിലുള്ള ഒരു പാവയുടെ മുഖചിത്രം ഉപയോഗിക്കുന്ന സമൂഹമാധ്യമ, വാട്സാപ് അക്കൗണ്ടാണു മോമോ. ഒരിക്കൽ ഈ അക്കൗണ്ടുമായി ബന്ധപ്പെട്ടാൽ ഒട്ടേറെ ചാലഞ്ചുകൾ ഉപയോക്താവിനു ലഭിക്കും. ഇവയെല്ലാം പൂർത്തീകരിച്ചാൽ മോമോയെ നേരിൽ കാണാം എന്നാണ് ഓഫർ. പ്രധാനമായും കുട്ടികളെ ലക്ഷ്യം വച്ചാണത്രേ ഈ ചാലഞ്ചുകൾ. ഇടയ്ക്കു ചാലഞ്ചിൽനിന്നു പിൻമാറിയാൽ മോമോ ഭീഷണിപ്പെടുത്തുകയും ഭീതിദമായ ചിത്രങ്ങൾ അയയ്ക്കുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.

വാട്സാപ്പിൽ മോമോ അയയ്ക്കുന്ന ചിത്രങ്ങളിൽ വൈറസ് കടത്തിവിട്ട്, ഫോൺ ഹാക്കു ചെയ്തു വ്യക്തിവിവരങ്ങളും ചിത്രങ്ങളും ചോർത്തുമെന്ന പ്രചാരണവും ശക്തമാണ്. ഇത് അസംഭവ്യമാണെന്നുള്ള പക്ഷക്കാരാണു ചില സൈബർ വിദഗ്ധർ. വാട്സാപ്പിലൂടെയുള്ള സന്ദേശങ്ങളിലൂടെ ഫോൺ ഹാക്ക് ചെയ്യാൻ പറ്റില്ലെന്നും എന്നാൽ മോമോയുടെ പേരിൽ പ്രചരിക്കുന്ന എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്താൽ ഹാക്കിങ്ങിനു സാധ്യതയുണ്ടെന്നും ഇവർ പറയുന്നു. പ്ലേസ്റ്റോറിൽ മോമോ എന്ന പേരിൽ എത്തിയിട്ടുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും ഇവർ പറയുന്നു.

അർജന്റീനയിൽ പന്ത്രണ്ടുവയസ്സുകാരിയുടെ മരണത്തിനു വഴിയൊരുക്കിയെന്ന വാർത്തയാണു മോമോയെക്കുറിച്ചുള്ള ഭീതി കൂട്ടിയത്. എന്നാൽ, ഇന്ത്യയിൽ ഇത്തരമൊരു ചാലഞ്ചും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല, ചിലർ ഇതുപയോഗിച്ചു തട്ടിപ്പു നടത്തുന്നുണ്ടെന്നും സൈബർ വിദഗ്ധർ പറയുന്നു.