Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസ്റ്റ് മുക്കിയാലും പൊലീസ് പിടിക്കും

cyber crime

കൊച്ചി ∙ സൈബർ കുറ്റകൃത്യങ്ങൾ പ്രതികൾ സ്വയം ഒരുക്കുന്ന വാരിക്കുഴികളെന്നു നിയമവിദഗ്ധർ. മൊബൈൽ ഫോൺ, ലാപ്ടോപ്, കംപ്യൂട്ടർ എന്നിവ ഉപയോഗപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ മറ്റൊരാളെ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ശ്രമിക്കുന്നവർ പിന്നീട് അതു മായ്ച്ചുകളയുന്നത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം തെളിവു നശിപ്പിക്കലായി കണക്കാക്കും.

സാധാരണ കുറ്റകൃത്യങ്ങളിൽനിന്നു വ്യത്യസ്തമായി ഓരോ സൈബർ കുറ്റകൃത്യത്തിലും പ്രതി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിലും ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനദാതാക്കളുടെ സെർവറുകളിലും ശാസ്ത്രീയ തെളിവുകൾ അവശേഷിക്കും.
ഉപജീവനത്തിനും പഠന ആവശ്യങ്ങൾക്കുമായി മത്സ്യം വിറ്റ കോളജ് വിദ്യാർഥിനി ഹനാനെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ച സംഭവമാണ് ഇത്തരത്തിൽ സമീപകാലത്തു ജനശ്രദ്ധ നേടിയ കേസ്.

അപകീർത്തി പോസ്റ്റുകളിട്ടവരേക്കാൾ ആദ്യം സൈബർ സെല്ലിനു തിരിച്ചറിയാൻ കഴിഞ്ഞത് അപകീർത്തി പോസ്റ്റുകൾ സ്വയം മായ്ച്ചുകളഞ്ഞവരെയാണ്.
സൈബർ കുറ്റങ്ങളിലെ ആദ്യ തെളിവായ സ്ക്രീൻ ഷോട്ടുകൾ ലഭ്യമാവാത്ത കേസുകളിൽ ഡിലീറ്റ് ചെയ്യപ്പെട്ട പോസ്റ്റുകൾ വീണ്ടെടുക്കാനുള്ള സോഫ്റ്റ്‌വെയറുകൾ രാജ്യത്തു ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)ക്കാണ് ആദ്യം ലഭിച്ചത്. പിന്നീടു കേരള പൊലീസിന്റെ സൈബർ ഡോമിനും ലഭ്യമാക്കി.

ഒരു അപകീർത്തി സന്ദേശം കടന്നുപോവുന്ന മൊബൈൽ ഫോൺ നമ്പറുകൾ, ഇന്റർനെറ്റ് പ്രോട്ടോക്കോൾ(ഐപി) വിലാസങ്ങൾ എന്നിവ കണ്ടുപിടിക്കാനുള്ള ട്രാക്കിങ് സോഫ്റ്റ്‌വെയറുകളും കേരള പൊലീസിനു ലഭിച്ചതോടെയാണു സൈബർ കുറ്റവാളികളുടെ അറസ്റ്റ് മുൻകാലങ്ങളേക്കാൾ എളുപ്പമായത്. വ്യാജ പ്രൊഫൈൽ ഉപയോഗപ്പെടുത്തി കുറ്റകൃത്യം ചെയ്യുന്നവരെയും അവർ ഉപയോഗിച്ച ഐപി വിലാസം കണ്ടെത്തി പിടികൂടാൻ കഴിയും. ഈ സാഹചര്യത്തിലാണു സൈബർ കുറ്റകൃത്യങ്ങൾ ഇരുതല വാളാണെന്നു മുഖ്യമന്ത്രി തന്നെ മുന്നറിയിപ്പു നൽകിയത്.

സൈബർ കുറ്റകൃത്യം: നിയമവും ശിക്ഷയും 

 സമൂഹമാധ്യമങ്ങളിൽ അപകീർത്തി പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ട് വകുപ്പ് 67 പ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. ആദ്യകുറ്റത്തിനു തന്നെ മൂന്നു വർഷം തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ ശിക്ഷ കടുത്ത് അഞ്ചു വർഷം തടവും 10 ലക്ഷം രൂപ വരെ പിഴയുമാവും.‌ അപകീർത്തി പോസ്റ്റുകൾ കുറ്റവാളിതന്നെ മായിച്ചുകളയുമ്പോൾ ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 204 പ്രകാരം തെളിവുനശിപ്പിക്കലാവും. രണ്ടു വർഷം തടവും പിഴയുമാണ് ശിക്ഷ.  കൂടുതൽ ഗൗരവമുള്ള കുറ്റകൃത്യങ്ങളുടെ ഡിജിറ്റൽ തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 201 പ്രകാരം ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാവും.

related stories