Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹമാധ്യമങ്ങൾ കൂട്ട കുറ്റക‍ൃത്യങ്ങൾക്കുള്ള സാഹചര്യവും ഒരുക്കുന്നു: ഹൈക്കോടതി

Kerala-High-Court-2

കൊച്ചി ∙ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ഹൈക്കോടതി. ആശയവിനിമയത്തിൽ വിപ്ലവം സൃഷ്ടിച്ചെങ്കിലും സമൂഹമാധ്യമങ്ങൾ കൂട്ട കുറ്റകൃത്യങ്ങൾക്കുള്ള സാഹചര്യവും ഒരുക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ സമൂഹത്തിനു വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്നു കോടതി വ്യക്തമാക്കി. ഓൺലൈൻ മാധ്യമ വാർത്തയ്ക്കു കമന്റായി ഫെയ്സ്ബുക്കിൽ ഇസ്‌ലാം മതത്തെ നിന്ദിച്ചു പരാമർശം നടത്തിയ മലപ്പുറം സ്വദേശി ബിജുമോന് മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടാണു കോടതി നിരീക്ഷണം.

മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയിൽ മൗലികാവകാശമായ അഭിപ്രായസ്വാതന്ത്ര്യം മറ്റുള്ളവരുടെ മതവികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്താനും വേദനിപ്പിക്കാനുമുള്ള അനിയന്ത്രിത ലൈസൻസ് അല്ലെന്നു കോടതി പറഞ്ഞു. ആശയവിനിമയം എളുപ്പമാക്കിയതുപോലെ സമൂഹത്തിന് ഒട്ടേറെ ഗുണങ്ങൾ സമൂഹമാധ്യമങ്ങൾ ചെയ്യുന്നുണ്ട്.

എന്നാൽ, കുറ്റകൃത്യ സാഹചര്യങ്ങളുമുണ്ട്. ഒരു മതവിഭാഗത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്താൻ സമൂഹമാധ്യമങ്ങളെ നിരുത്തരവാദപരമായി ഉപയോഗിച്ചതിന് ഉത്തമ ഉദാഹരണമാണ് ഈ കേസ്. ദൈവനിന്ദയും അസഭ്യവും നിറഞ്ഞ സന്ദേശങ്ങൾ പ്രസിദ്ധപ്പെടുത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നവരെ കോടതിക്ക് അനുകൂലിക്കാനാവില്ലെന്ന് ജസ്റ്റിസ് ആർ. നാരായണ പിഷാരടി വ്യക്തമാക്കി.

∙ കുറ്റകൃത്യത്തിന്റെ വകുപ്പ് മാറി

വിവിധ മതവിഭാഗങ്ങൾ തമ്മിൽ വൈരമുണ്ടാക്കുന്ന നടപടികൾക്കാണു മതസ്പർധ വളർത്തുന്നതിനുള്ള വകുപ്പ് ബാധകമാകുകയെന്നു കോടതി ചൂണ്ടിക്കാട്ടി. രണ്ടു വിഭാഗങ്ങളെങ്കിലും സംഭവത്തിലുൾപ്പെടണം. ഇവിടെ അതല്ല, മുസ്‌ലിംകളെ മാത്രം അധിക്ഷേപിക്കുകയാണ്. മതവികാരം വ്രണപ്പെടുത്തുന്നതിനുള്ള വകുപ്പാണു ബാധകം. എന്നാൽ, എഫ്ഐആറിൽ തെറ്റായ വകുപ്പ് ഉൾപ്പെടുത്തിയെന്ന പേരിൽ പ്രോസിക്യൂഷൻ കേസ് തള്ളിക്കളയാനാവില്ലെന്നും കോടതി പറ‍ഞ്ഞു.

മേലാറ്റൂർ പൊലീസിന്റെ കേസ് ഡയറിയിൽ ഫെയ്സ്ബുക് പരാമർശങ്ങളുടെ സ്ക്രീൻ പ്രിന്റ് ഉൾപ്പെടുത്തിയതു കോടതി പരിശോധിച്ചു. ചിന്തിക്കാതെ അലക്ഷ്യമായി എഴുതിയതാണതെന്നു പ്രഥമദൃഷ്ട്യാ കരുതാനാവില്ല. മതവികാരം വ്രണപ്പെടുത്തുന്നതും ഇസ്‌ലാം വിശ്വാസികളെ വേദനിപ്പിക്കുന്നതുമാണത്. വിദ്വേഷം മാനസികാവസ്ഥയായതിനാൽ നേരിട്ടു വ്യക്തമായ തെളിവു പലപ്പോഴും കിട്ടാറില്ല. വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കേണ്ടിവരുമെന്നും കോടതി പറ‍ഞ്ഞു.

മാപ്പു പറഞ്ഞുവെന്നും ആരെയും വേദനിപ്പിക്കാൻ മനഃപൂർവം ഉദ്ദേശിച്ചിട്ടില്ലെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. എന്നാൽ, സമൂഹത്തിൽ വലിയ ആഘാതമുണ്ടാക്കുന്ന കേസാണിതെന്നും നിഷ്കളങ്കമായി ചെയ്തതാണെന്നു കരുതാനാവില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും അതുപയോഗിച്ചാണോ പോസ്റ്റ് ഇട്ടതെന്നറിയാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമുള്ള വാദം കോടതി അംഗീകരിച്ചു. മതതീവ്രനിലപാടുള്ള സംഘടനകളുമായി ബന്ധമുണ്ടോ എന്നു കണ്ടെത്തണം. ഹർജിക്കാരനു മുൻകൂർ ജാമ്യത്തിന്റെ സംരക്ഷണം നൽകുന്നത് ഉചിതമല്ലെന്നു കോടതി വ്യക്തമാക്കി.

related stories