സോമനാഥ് അന്നെഴുതി ; ‘എന്നെ ഇത്രയും മനസ്സിലാക്കി ആരും എഴുതിയിട്ടില്ല’

ജിറ്റിമോൾ തോമസ്, സോമനാഥ് ചാറ്റർജി

ആലപ്പുഴ ∙ പത്തു വർഷം മുൻപു സോമനാഥ് ചാറ്റർജി സിപിഎമ്മിനെ വെല്ലുവിളിച്ചപ്പോൾ കുട്ടനാട്ടിലെ കാവാലത്തുനിന്ന് ഒരു ഒൻപതാം ക്ലാസുകാരിയുടെ ‘പിന്തുണക്കത്ത്’ അദ്ദേഹത്തിനു കിട്ടി. ജിറ്റിമോൾ തോമസ് എന്ന ആ കുട്ടിയുടെ കത്തിന് സോമനാഥ് ഇങ്ങനെ മറുപടി എഴുതി: ‘എന്നെ ഇത്രയും മനസ്സിലാക്കി ആരും ഇതുവരെ എഴുതിയിട്ടില്ല. കത്ത് എന്നെ വല്ലാതെ സ്പർശിച്ചു’.

തന്നെ വല്ലാതെ സ്പർശിച്ച ജിറ്റിമോളുടെ കത്തിന്റെ ഭാഗം സോമനാഥ് ചാറ്റർജി തന്റെ പാർലമെന്ററി ഓർമകളെപ്പറ്റിയുള്ള പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ജിറ്റിയും സോമനാഥും പിന്നെയും പരസ്പരം കത്തെഴുതി. പക്ഷേ, പരസ്പരം കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. ഒന്നാം യുപിഎ സർക്കാരിനെതിരേ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നപ്പോൾ ലോക്സഭാ സ്പീക്കർ പദമൊഴിഞ്ഞ് അവിശ്വാസത്തെ പിന്തുണയ്ക്കണമെന്നായിരുന്നു സിപിഎം നിർദേശം. സോമനാഥ് പാർട്ടിയുമായി ഇടഞ്ഞപ്പോൾ വിമർശിച്ചും പിന്തുണച്ചും രാജ്യം അതു ചർച്ച ചെയ്തു. അതിൽ അഭിപ്രായം പറഞ്ഞാണു ജിറ്റിമോൾ എഴുതിയത്. രാഷ്ട്രീയ പ്രമുഖരുടെ വാക്കുകൾക്കിടയിലും സോമനാഥ് അതു ശ്രദ്ധിച്ചു.

സോമനാഥ് ചാറ്റർജിയുടെ പുസ്തകത്തിൽ ജിറ്റിമോളുടെ കത്തിനെക്കുറിച്ചു പരാമർശിക്കുന്ന ഭാഗം.

‘സ്ഥാനമൊഴിയില്ലെന്ന താങ്കളുടെ ധീരമായ നിലപാടിനെ അഭിനന്ദിക്കാനാണ് ഞാൻ എഴുതുന്നത്. ഇന്ത്യയിലെ വരുംതലമുറകൾക്കു താങ്കളെപ്പോലുള്ള നേതാക്കളെയാണ് ആവശ്യം. ആകാശത്ത് ഒട്ടേറെ തിളങ്ങുന്ന നക്ഷത്രങ്ങളുണ്ട്. താങ്കൾ പാർലമെന്റിലെ തിളങ്ങുന്ന സുവർണ താരമാണ്. രാജ്യത്തെ സ്നേഹിക്കുകയും രാജ്യത്തിനായി ജീവിതം അർപ്പിക്കുകയും ചെയ്യുന്നവർ താങ്കളെ മറക്കില്ല’–ജിറ്റിമോളുടെ ഈ വാക്കുകളാണ് സോമനാഥ് ചാറ്റർജി പുസ്തകത്തിൽ ചേർത്തത്.

കാവാലം കുന്നുമ്മ ഈസ്റ്റ് വലിയകളം വീട്ടിൽ ജിജിമോൻ വർഗീസിന്റെയും ടെസി തോമസിന്റെയും മകളാണ് ജിറ്റിമോൾ (24). ചമ്പക്കുളം ഫാ. തോമസ് പോരൂക്കര സെൻട്രൽ സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു ജിറ്റിയുടെ ആ കത്തെഴുത്ത്.

‘പപ്പയ്ക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. അങ്ങനെ എനിക്കും താൽപര്യമായി. എന്റെ കത്തിന് അദ്ദേഹം അയച്ച മറുപടി ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അദ്ദേഹം ഒപ്പുവച്ചാണു മറുപടി അയച്ചത്. ഞാൻ വീണ്ടും അദ്ദേഹത്തിന് എഴുതിയിരുന്നു. മറുപടിയും വന്നു. വലിയ സന്തോഷം അറിയിച്ചാണ് അദ്ദേഹം വീണ്ടും എഴുതിയത്. എന്റെ ഫോട്ടോ അയയ്ക്കണമെന്ന് എഴുതിയിരുന്നു. അയച്ചു കൊടുത്തു. വീണ്ടും എഴുതുമെന്ന് അദ്ദേഹം രണ്ടാമത്തെ കത്തിൽ പറഞ്ഞിരുന്നെങ്കിലും ആ കത്ത് കിട്ടിയില്ല’–ജിറ്റി ഓർക്കുന്നു. തിരുവല്ല പാലിയേക്കര സെന്റ് മേരീസ് കോളജ് ഫോർ വിമനിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കിയ ജിറ്റിമോൾ, ഇപ്പോൾ വിദേശത്തു വിദ്യാർഥിനിയാണ്.