Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട ദിലീപിന്റെ ഹർജി തള്ളി

Dileep

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സംഭവത്തിന്റെ ദൃശ്യങ്ങളുൾപ്പെട്ട മെമറി കാർഡ് കേസിലെ തൊണ്ടിതന്നെയാണെന്നും, തെളിവായി മാത്രം പരിഗണിക്കാവുന്ന രേഖയല്ലെന്നും വിലയിരുത്തിയാണു ജസ്റ്റിസ് സുനിൽ തോമസിന്റെ നടപടി. പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പ് കോടതി അംഗീകരിച്ചു. ദൃശ്യങ്ങളുടെ പകർപ്പ് നൽകിയാൽ അതു ദുരുപയോഗിക്കാനും പുറത്തുപോകാനുമിടയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ഇരയുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാകുമത്. തൊണ്ടി എന്നതു കുറ്റകൃത്യത്തിന്റെ സ്വയംസാക്ഷ്യമാണ്. കുറ്റകൃത്യത്തിന്റെ സൂചനകളിലേക്കു നയിക്കുന്ന രേഖകൾക്കു സമാനമല്ല അത്. ഈ കേസിൽ രംഗങ്ങൾ മറ്റൊരു മാധ്യമമായ മെമറി കാർഡിലേക്കു പകർത്താനാണു കുറ്റകൃത്യം നടത്തിയത്. അതിനാൽ മെമറി കാർഡ് കുറ്റകൃത്യത്തിന്റെ അന്ത്യഫലം തന്നെയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ദൃശ്യങ്ങളുടെ തനിപ്പകർപ്പ് നൽകേണ്ടതില്ലെന്ന കീഴ്ക്കോടതി ഉത്തരവു ശരിവച്ചാണു കോടതി നടപടി. അങ്കമാലി മജിസ്ട്രേട്ട് കോടതി ഈയാവശ്യം നിരസിച്ച സാഹചര്യത്തിലായിരുന്നു ഹർജി. 2017 ഡിസംബർ 15ന് അഭിഭാഷകരുടെയും മജിസ്ട്രേട്ടിന്റെയും സാന്നിധ്യത്തിൽ ദൃശ്യങ്ങൾ കാണാൻ ഹർജിക്കാരന് അവസരം നൽകിയിരുന്നു.

related stories