സേലത്തിനു സമീപം ബസപകടം: ഏഴു മലയാളികൾ മരിച്ചു

മരിച്ച ജോർജ് ജോസഫ്, അൽഫോൺസ, ഡിനു മേരി ജോസഫ്, സിജി വിൻസന്റ്, ജിം ജേക്കബ്, ഷാനോ വി. തര്യൻ, സാം കെ.ജോൺ

സേലം∙ ബെംഗളൂരു–സേലം ദേശീയപാതയിൽ മാമാങ്കത്തിനടുത്തു സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ ഉൾപ്പെടെ ഏഴു മലയാളികൾ മരിച്ചു. പരുക്കേറ്റ 21 പേർ സേലം മെ‍ഡിക്കൽ കോളജ് ആശുപത്രിയിലും 11 പേർ മാമാങ്കത്തിനടുത്തു മണിപ്പാൽ ആശുപത്രിയിലും ചികിത്സ തേടി. 

ഇന്നലെ പുലർച്ചെ ഒന്നേമുക്കാലിനു ബെംഗളൂരുവിൽ നിന്നു തിരുവല്ലയ്ക്കു പോയ ‘യാത്ര’ ട്രാവൽസിന്റെ എസി സെമി സ്ലീപ്പർ ബസും സേലത്തു നിന്നു ധർമപുരിക്കു പോയ സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വണ്ടിയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് നിയന്ത്രണം വിട്ടു ഡിവൈഡർ കടന്ന് എതിരെ വന്ന സെമി സ്ലീപ്പർ ബസിൽ ഇടിക്കുകയായിരുന്നു. 

മരിച്ചത് ഇവർ

ബെംഗളൂരു എസ്ജി പാളയ ബാലാജി നഗറിൽ താമസിക്കുന്ന ആലപ്പുഴ എടത്വ കാട്ടാംപള്ളി വീട്ടിൽ ജോർജ് ജോസഫ് (മോൻസി-65 ), ഭാര്യ വിതയത്തിൽ കുടുംബാംഗം അൽഫോൻസ (60), മകൾ ഡിനു മേരി ജോസഫ് (32), ഭർത്താവ് ഇരിങ്ങാലക്കുട എടക്കുളം പുന്നാംപറമ്പിൽ ഊക്കൻസ് വീട്ടിൽ വിൻസന്റിന്റെയും റോസിന്റെയും മകൻ സിജി വിൻസന്റ് (35), എടത്വ സെന്റ് അലോഷ്യസ് കോളജ് കൊമേഴ്സ് വിഭാഗം റിട്ട. അധ്യാപകൻ എടത്വ പച്ച ചെക്കിടിക്കാട് നന്നാട്ടുമാലിൽ കരിക്കംപള്ളിൽ ജിം ജേക്കബ് (ജിമ്മിച്ചൻ–59), തലവടി ആനപ്രമ്പാൽ ചിറ്റേഴത്ത് സാബുവിന്റെ മകൻ ഷാനോ വി.തര്യൻ (28), വാഹനത്തിന്റെ സഹ ഡ്രൈവർ പത്തനംതിട്ട റാന്നി വയലത്തല പാരിപ്പയ്കയിൽ സാം കെ.ജോൺ (42).  

സിജി വിൻസന്റിന്റെയും ഡിനുവിന്റെയും മകൻ മൂന്നരവയസ്സുള്ള ഈദൻ ഒരു പോറൽ പോലുമില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടമുണ്ടായപ്പോൾ അമ്മ ഡിനു നെഞ്ചോടു ചേർത്തു പിടിച്ചതിനാലാണ് ഈദൻ രക്ഷപ്പെട്ടത്. ഷാനോ വി.തര്യൻ ഒഴികെയെല്ലാവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.

ബെംഗളൂരുവിൽ കോൺട്രാക്ടറാണു ജോർജ് ജോസഫ്. ഭാര്യ അൽഫോൻസ ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ നിന്നു ഹെഡ് നഴ്സായി വിരമിച്ചതാണ്. സിജിയും (ടിസിഎസ്) ഡിനുവും (എസ്എടി) ബെംഗളൂരുവിൽ ഐടി ഉദ്യോഗസ്ഥരാണ്. പ്രളയം മൂലം മാറ്റി വച്ച, ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കുന്നതിനു പറവൂർ ആലങ്ങാട്ടേക്കു പുറപ്പെട്ടതാണു നാലു പേരും. അൽഫോൻസ മികച്ച നഴ്സിനുള്ള ഫ്ലോറൻസ് നൈറ്റിങ്‌ഗേൽ അവാർഡ് ജേതാവുമാണ്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഡാനുവാണു ജോർജ് ജോസഫിന്റെ മറ്റൊരു മകൾ. ബെംഗളൂരുവിൽ ഡിസൈനിങ്  മേഖലയിൽ ജോലി ചെയ്യുന്ന ഷാനോ വി.തര്യൻ ഭാര്യ ജിൻസിയുടെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലേക്കു പുറപ്പെട്ടതാണ്. ജൂൺ പതിനൊന്നിനായിരുന്നു ഇവരുടെ വിവാഹം.‌ 

പ്രഫ. ജിം ജേക്കബ് ചങ്ങനാശേരി ഫാത്തിമാപുരത്താണു താമസം. ഭാര്യ തോട്ടാശേരി കുടുംബാംഗമായ മിനി ആന്റണി (അധ്യാപിക, എസ്ബി ഹൈസ്‌കൂൾ, ചങ്ങനാശേരി). മക്കൾ: ജയിംസ് (പേയ്ടിഎം, ബെംഗളൂരു), ആന്റണി (എൻജിനീയറിങ് വിദ്യാർഥി, ചെന്നൈ). സാം കെ.ജോണിന്റെ ഭാര്യ: ഷൈനി, മക്കൾ: ഫേബ, ആരോൺ.

സംസ്കാര സമയം

സേലം തിരുവാകൗണ്ടനൂർ സെന്റ് മേരീസ് ദേവാലയത്തിലെ പ്രാർഥനയ്ക്കു ശേഷം ജോർജ് ജോസഫിന്റെയും അൽഫോൻസയുടെയും മൃതദേഹം ബെംഗളൂരുവിലേക്കും ഡിനുവിന്റെയും സിജിയുടെയും മൃതദേഹം ഇരിങ്ങാലക്കുടയിലേക്കും കൊണ്ടു പോയി. ഇവരുടെ സംസ്കാരം നാളെ (തിങ്കൾ) എടക്കുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും. ബെംഗളൂരു എസ്ജി പാളയം സെന്റ് തോമസ് പള്ളിയിൽ വ്യാഴാഴ്ചയാണു ജോർജ് ജോസഫിന്റെയും അൽഫോ‍ൻസയുടെയും സംസ്കാരം.

ജിം ജേക്കബിന്റെ സംസ്‌കാരം നാളെ 2.30നു സഹോദരൻ ബേബിച്ചന്റെ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പച്ച-ചെക്കിടിക്കാട് ലൂർദ് മാതാ പള്ളിയിൽ. ഷാനോയുടെ മൃതദേഹം ഇന്നു നാട്ടിൽ എത്തിക്കും. സംസ്കാരം പിന്നീട്.