സംസ്ഥാനത്തു 5 മരണം കൂടി; നാലെണ്ണം എലിപ്പനി

തിരുവനന്തപുരം∙ സംസ്ഥാനത്ത് എലിപ്പനി ബാധിച്ചു നാലുപേർ കൂടി മരിച്ചു. മറ്റൊരാളുടെ മരണം എലിപ്പനി മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ കഴിയുന്നവരിൽ നൂറിലേറെപ്പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

തിരുവനന്തപുരം വെള്ളറട സ്വദേശി രാജം (60), പത്തനംതിട്ട ആറന്മുള പഞ്ചായത്തു കുടുംബശ്രീ സിഡിഎസ് വൈസ് ചെയർപഴ്സൻ ലതിക (53), ചാത്തങ്കരി ബസാറുകടവ് മുപ്പത്തഞ്ചിൽ സദാനന്ദന്റെ മകൻ സതീശൻ (30), പാലക്കാട് കപ്പൂർ പഞ്ചായത്തിലെ വേഴൂർകുന്ന് വേളത്തുവളപ്പിൽ കൃഷ്ണന്റെ ഭാര്യ ശാരദ (55), തൃശൂർ വേലൂപ്പാടം ചാഴൂക്കാരൻ അബൂബക്കർ (72) എന്നിവരാണ് ഇന്നലെ മരിച്ചത്. 

പാലക്കാട് ജില്ലയിൽ എലിപ്പനി ലക്ഷണങ്ങളേ‍ാടെ മൂന്നുപേർ ചികിത്സ തേടി. ഒരാളുടെ രേ‍ാഗം സ്ഥിരീകരിച്ചു. തൃശൂരിൽ 72 പേർ ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇതിൽ 20 പേരിൽ രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ എലിപ്പനി സംശയിച്ച് 28 പേർകൂടി ചികിൽസ തേടി. 10 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ 257 പേരും ചികിൽസയിലുണ്ട്. 

എറണാകുളം ജില്ലയിൽ 14 പേരെ എലിപ്പനിയുടെയും ആറുപേരെ ഡെങ്കിപ്പനിയുടെയും ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കൽ കോളജിൽ മാത്രം 11 പേർ ഇപ്പോൾ എലിപ്പനി ചികിൽസയിലുണ്ട്. വയനാട്ടിൽ ഇന്നലെ ഏഴുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഇതുവരെ അഞ്ചുപേർ മരിച്ചു. കോട്ടയം ജില്ലയിൽ നാല് എലിപ്പനി കേസുകൾ കൂടി സ്ഥിരീകരിച്ചുപത്തനംതിട്ട ജില്ലയിൽ 16 പേർക്കു സ്ഥിരീകരിച്ചു. പ്രളയ പ്രദേശങ്ങളിൽ ശുചീകരണത്തിനു പോയ ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് സെക്രട്ടറി മണ്ണടി എസ്.ശ്രീനി ചികിത്സയിലാണ്. 

ഇടുക്കി ജില്ലയിൽ രണ്ടുപേർക്കു കൂടി എലിപ്പനി സംശയിക്കുന്നു. കൊല്ലം ജില്ലയിൽ ഇന്നലെ ഒരാൾക്കു കൂടി എലിപ്പനി സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ഒൻപതായി. കാസർകോട് ജില്ലയിൽ ശുചീകരണത്തിനു പ്രളയബാധിത പ്രദേശങ്ങളിൽ പോയ ഓട്ടോ തൊഴിലാളിക്ക് എലിപ്പനിയുണ്ടെന്നു സ്ഥിരീകരിച്ചു.

58 മരണം : മന്ത്രി 

തിരുവനന്തപുരം ∙ പ്രളയം ഉണ്ടായ ഓഗസ്റ്റ് മുതൽ എലിപ്പനി സംശയിച്ചു ചികിത്സ തേടിയ 45 പേരും രോഗം സ്ഥിരീകരിച്ച 13 പേരും മരിച്ചുവെന്നു മന്ത്രി കെ.കെ.ശൈലജ. 

ജനുവരി മുതലുള്ള കണക്കനുസരിച്ച് എലിപ്പനി ബാധിച്ച് 85 പേർ മരിച്ചു. ഇതിൽ 43 പേരിൽ രോഗം സ്ഥിരീകരിച്ചു. എലിപ്പനി നിയന്ത്രണ വിധേയമാണ്. സംസ്ഥാനത്ത് ഒരിടത്തും എലിപ്പനി കൂടുന്നതായി ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നില്ല.  75,33,018 ഡോക്‌സിസൈക്ലിൻ ഗുളികകളാണ് ഇതുവരെ വിതരണം ചെയ്തത്.