പി.സി. ജോർജ് 20ന് ഹാജരാകണമെന്ന് വനിതാ കമ്മിഷൻ, യാത്രപ്പടി തന്നാൽ വരാമെന്ന് ജോർജ്

കോട്ടയം∙ ജലന്തർ ബിഷപ് ഉൾപ്പെട്ട പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പി.സി. ജോർജ് എംഎൽഎയ്ക്ക് ദേശീയ വനിതാ കമ്മിഷൻ സമൻസ് അയച്ചു. ജോർജ് 20ന് ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശം.

യാത്രാ ബത്ത നൽകിയാൽ ഡൽഹിയിൽ വരാമെന്നും അല്ലെങ്കിൽ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ കേരളത്തിൽ വരട്ടെയെന്നുമായിരുന്നു പി.സി. ജോർജിന്റെ പ്രതികരണം. ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങൾ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? – ജോർജ് പറഞ്ഞു.

അതേസമയം, വനിതാ കമ്മിഷൻ വിളിച്ചുവരുത്തുന്നത് ശിക്ഷാനടപടിയല്ലെന്ന് നിയമവൃത്തങ്ങൾ വിശദീകരിക്കുന്നു. കാര്യം വിശദീകരിക്കാനുള്ള അവസരമാണ് ഇതിലൂടെ നൽകുന്നത്. സിവിൽ കോടതിയുടേതിനു സമാനമായ അധികാരം വനിതാ കമ്മിഷനുമുണ്ട്.

ബത്ത അനുവദിക്കുന്ന രീതി കമ്മിഷനില്ല. നിർദേശിച്ചിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് എത്തിക്കാൻ പൊലീസിനോട് ആവശ്യപ്പെടാം. ജനപ്രതിനിധിയും രാഷ്ട്രീയപാർട്ടി ഭാരവാഹിയുമായതിനാൽ തിരഞ്ഞെടുപ്പു കമ്മിഷനു പരാതിപ്പെടുന്നതടക്കം നടപടികളിലേക്കും കമ്മിഷനു കടക്കാം.

കഴിഞ്ഞദിവസം കോട്ടയത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീക്കെതിരെ ജോർജ് ആദ്യം അപകീർത്തികരമായ പരാമർശം നടത്തിയത്. ഇന്നലെ പൂഞ്ഞാറിലെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇക്കാര്യങ്ങൾ ആവർത്തിച്ചു.

പരാമർശം തള്ളി സിബിസിഐ

ന്യൂഡൽഹി∙ കന്യാസ്ത്രീക്കെതിരെ പി.സി. ജോർജ് എംഎൽഎ നടത്തിയ പരാമർശത്തെ തള്ളി അഖിലേന്ത്യ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). എംഎൽഎയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് തിയോഡോർ മസ്കരനാസ് വ്യക്തമാക്കി.