ശബരിമലയിലെ പുനരുദ്ധാരണച്ചെലവ് ദേവസ്വം ബോർഡിനു മാത്രമെന്തേ?: ഹൈക്കോടതി

കൊച്ചി ∙ ശബരിമല, പമ്പ പുനരുദ്ധാരണ ജോലികളുടെ ചെലവ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വഹിക്കണമെന്ന സർക്കാർ ഉത്തരവിന്റെ യുക്തി എന്താണെന്ന് െഹെക്കോടതി. വിവിധ സർക്കാർ വകുപ്പുകൾക്ക് ഇതിൽ ഉത്തരവാദിത്തമില്ലേ എന്നും കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങി മറ്റ് ഏജൻസികളൊക്കെ ഇല്ലേ എന്നും കോടതി വാദത്തിനിടെ ചോദിച്ചു. ക്ഷേത്രംകൊണ്ടുള്ള ഗുണം സർക്കാരിനുമില്ലേ? ഇതര സംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ തീർഥാടകരും എത്തുന്നതാണ്. പുനരുദ്ധാരണച്ചെലവ് വഹിക്കണമെന്നു പറയുന്നതിനോടു ദേവസ്വം ബോർഡിന് എതിർപ്പില്ലേ എന്നും കോടതി ആരാഞ്ഞു.

മാസപൂജകൾക്കും ഉത്സവ സീസണിലും തീർഥാടകർക്ക് എത്താനാകുംവിധമുള്ള സത്വരനടപടി തീരുമാനിക്കാൻ സർക്കാർ തലത്തിൽ ഓഗസ്റ്റ് 29നു യോഗം ചേർന്നിരുന്നുവെന്ന് സർക്കാർ അറിയിച്ചു. യോഗതീരുമാനങ്ങൾ ചർച്ചചെയ്തശേഷം സെപ്റ്റംബർ മൂന്നിനു പുറപ്പെടുവിച്ച ഉത്തരവ് സർക്കാർ ഹാജരാക്കി. 

ഭൂപ്രകൃതിതന്നെ മാറിപ്പോയ ശബരിമലയിൽ അടുത്ത മാസപ്പൂജ മുതൽ തീർഥാടനം സാധ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്നു ശബരിമല സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണു കോടതി നടപടികൾ. 

സ്പെഷൽ കമ്മിഷണർ റിപ്പോർട്ടിലെ പുനർനിർമാണ ശുപാർശകൾ സംബന്ധിച്ചു സർക്കാരിന്റെയും മറ്റും വിശദീകരണം തേടിയിരുന്നു. എന്നാൽ, രേഖാമൂലം വിശദമായ പത്രിക സമർപ്പിക്കാൻ സർക്കാർ സാവകാശം തേടി.