അതിരപ്പിള്ളിയെപ്പറ്റി നടക്കാത്ത സ്വപ്നം കാണുകയല്ല വേണ്ടത്: കാനം

തൃശൂർ ∙ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ചു നടക്കാത്ത സ്വപ്നങ്ങൾ കണ്ടുകൊണ്ടിരിക്കേണ്ട സമയമല്ല ഇപ്പോഴെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രകൃതി നൽകുന്ന സന്ദേശം കേരളീയ സമൂഹം ശരിയായി മനസിലാക്കുന്നുണ്ടോ എന്നു സംശയമാണ്. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ കാര്യത്തിൽ ഈ സന്ദേശം ഇനിയും മനസിലായിട്ടില്ലെന്നു ചിലർ പരസ്യമായി പറയുന്നു. അതിരപ്പിള്ളിയിൽ ജലവൈദ്യുത പദ്ധതി ഉണ്ടായാലെന്തെന്ന് അവർ ചോദിക്കുന്നു. സാണ്ടർ കെ. തോമസ് സ്മാരക പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു കാനം.

പുതിയ സാഹചര്യത്തിൽ പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുവായിട്ടുള്ള സുസ്ഥിര വികസന നയം രൂപപ്പെടുത്തുകയാണു വേണ്ടത്. ജല മാനേജ്മെന്റ്, ജല സംരക്ഷണ കാര്യങ്ങളിൽ നാം സ്വീകരിക്കുന്ന നയം ശരിയാണോ എന്നു സംശയിക്കേണ്ട സാഹചര്യമാണിത്. നമ്മുടെ തലമുറ കണ്ടതിൽവച്ചേറ്റവും വലിയ പ്രളയം കടന്നുപോയിരിക്കുന്നു. ഈ സാഹചര്യത്തിലും പാരിസ്ഥിതിക പ്രശ്നങ്ങളിൽ നാം ശ്രദ്ധയൂന്നുന്നില്ലെങ്കിൽ വരാൻ പോകുന്നതെന്തൊക്കെയാകും എന്നു പറയാൻ കഴിയില്ലെന്നും കാനം പറഞ്ഞു.

എം.പി.വീരേന്ദ്രകുമാർ എംപി പുരസ്കാരം സമർപ്പിച്ചു. അപ്രിയ സത്യങ്ങൾ തുറന്നു പറയുന്നവരുടെ കൂട്ടത്തിലാണ് കാനം രാജേന്ദ്രന്റെ സ്ഥാനമെന്നു വീരേന്ദ്രകുമാർ പറഞ്ഞു. യൂജിൻ മൊറേലി അധ്യക്ഷത വഹിച്ചു. 

സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, കെ.രാജൻ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, ഡോ. പി.വി.കൃഷ്ണൻ നായർ, സബാഹ് പുൽപ്പറ്റ, ഡപ്യൂട്ടി മേയർ ബീന മുരളി, പനവൂർ നാസർ, ജെയ്‌സൻ മാണി, സിബി കെ. തോമസ്, റിൻസ് പി. സെബാസ്റ്റ്യൻ, വിൻസെന്റ് പുത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച വിദ്യാലയത്തിനുള്ള പുരസ്‌ക‍ാരം തൃശൂർ മാർത്തോമ്മാ ഹൈസ്‌കൂളിനു സമ്മാനിച്ചു.